Churuthoni Bridge, a symbol of resistance

2018 ലെ പ്രളയകാലത്ത് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങളിൽ ചെറുതോണി പാലം ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല. കുത്തിയൊലിച്ച് വരുന്ന വെള്ളം ചെറുതോണി പാലത്തിന് മുകളിലൂടെ പോകുന്നതും ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഞ്ഞിനെയും എടുത്ത് കൊണ്ട് ഇതിനിടയിലൂടെ ജീവൻകയ്യിൽപിടിച്ച് ഓടുന്നതും പ്രളയഭീകരതയുടെ മായാത്ത ദൃശ്യമാണ്. അന്നത്തെ പ്രളയത്തിൽ 1960 ൽ പണിത ചെറുതോണി പാലത്തിന് അപകടമൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അപ്രോച്ച് റോഡുകൾക്കും സംരക്ഷണ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
കേരളത്തിൻറെ പ്രതിരോധത്തിൻറെ പ്രതീകമായി ചെറുതോണി പാലം ഇന്നും അതുപോലെയുണ്ട്.
പ്രളയശേഷം 14 ദിവസം പാലം അടച്ചിട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പാലത്തിൻറെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പാലം വീണ്ടും ഗതാഗതയോഗ്യമായി. എന്നാൽ ഇനിയും കേരളം ഇതുപോലുള്ള പ്രളയത്തെ നേരിടേണ്ടി വന്നേക്കാം.. അങ്ങനെയൊരു സാഹചര്യം വന്നാൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പാലമല്ല നമുക്ക് വേണ്ടത്. പ്രത്യേകിച്ചും ചെറുതോണി അണക്കെട്ടിന് സമീപം ഉയരമുള്ള ഒരു പാലം ആവശ്യമാണ്.
ഈയൊരു കാഴ്ചപ്പാടോടെ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പുതിയ പാലത്തിനുള്ള പ്രപ്പോസൽ തയ്യാറാക്കി കേന്ദ്രസർക്കാരിലേക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻറെ ആവശ്യത്തെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുവദിച്ച 17.55 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പുതിയ പാലത്തിൻറെ നിർമ്മാണം ആരംഭിച്ചു.
പഴയ പാലത്തിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലാണ് ചെറുതോണിയിൽ പുതിയ പാലം പണിയുന്നത്. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ തന്നെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.