A giant leap towards global expansion Kerala Tourism's farm tour in association with Malaysian Airlines launched

പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ വിപണി പ്രയോജനപ്പെടുത്താന്‍ മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് കേരള ടൂറിസം

ആഗോള വ്യാപനത്തിലേക്കുള്ള വലിയ കുതിച്ചുചാട്ടം

മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള കേരള ടൂറിസത്തിന്‍റെ ഫാം ടൂര്‍ ആരംഭിച്ചു

പുത്തന്‍ വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ലുക്ക് ഈസ്റ്റ് മാര്‍ക്കറ്റിംഗ് കാമ്പയിനിന്‍റെ ഭാഗമായുള്ള മെഗാ ഫാം ടൂറിനും ബി2ബി മീറ്റിനും തുടക്കമായി.

മലേഷ്യ, ഇന്തോനേഷ്യ, തായ് വാന്‍, സിംഗപ്പൂര്‍, തായ് ലന്‍ഡ്, ജപ്പാന്‍, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള കേരള ടൂറിസത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ലുക്ക് ഈസ്റ്റ് മാര്‍ക്കറ്റിംഗ് കാമ്പയിനിന്‍റെ ഭാഗമായുള്ള മെഗാ ഫാം ടൂറും ബി2ബി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 9 മുതല്‍ 13 വരെ മലേഷ്യ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് ഫാം ടൂര്‍ സംഘടിപ്പിക്കുന്നത്.

കേരള ടൂറിസത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ മലേഷ്യ എയര്‍ലൈന്‍സുമായുള്ള സഹകരണത്തിലൂടെ സാധിക്കും. കേരള ടൂറിസത്തിന്‍റെ ആഗോള വ്യാപനത്തിലേക്കുള്ള വലിയ കുതിച്ചു ചാട്ടം ഇതിലൂടെ സാധ്യമാകും. കേരള ടൂറിസത്തിന്‍റെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ‘ലുക്ക് ഈസ്റ്റ്’ നയം പുതിയ വിപണികള്‍ കണ്ടെത്തുന്നതിനുള്ള ദിശാ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു.

എട്ട് രാജ്യങ്ങളില്‍ നിന്നായി 75 ഓളം പ്രതിനിധികള്‍ അടങ്ങിയ സംഘമാണ് കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയത്. ഇതില്‍ 40 ഓളം ട്രാവല്‍ ഏജന്‍റുമാര്‍, 17 സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സ്, ടൂറിസം വ്യവസായ പങ്കാളികള്‍ എന്നിവര്‍ ഉള്‍പ്പെടും. അര്‍ത്ഥവത്തായ ഇടപെടലുകള്‍, വേഗത്തിലുള്ള വ്യവസായ ബന്ധങ്ങള്‍, ഒരു മുന്‍നിര യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.

ചടങ്ങില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. സുരേഷ് കുമാര്‍, കേരള ടൂറിസം സെക്രട്ടറി ബിജു. കെ, മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിലെ എയര്‍ലൈന്‍സ് ബിസിനസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) ദെര്‍സെനീഷ് അരസന്ദിരന്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

കേരള നിയമസഭ രാഷ്ട്രീയ ഭേദമില്ലാതെ ഈ സംരംഭത്തെ ഏകകണ്ഠമായി അഭിനന്ദിച്ചതായി മന്ത്രി അറിയിച്ചു. നിലവില്‍ മലേഷ്യ, ഇന്തോനേഷ്യ, തായ് വാന്‍, സിംഗപ്പൂര്‍, തായ് ലന്‍ഡ്, ജപ്പാന്‍, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കേരളത്തിന്‍റെ കണക്ടിവിറ്റി വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

‘ലുക്ക് ഈസ്റ്റ്’ നയത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും മലേഷ്യ എയര്‍ലൈന്‍സും തമ്മിലുള്ള പങ്കാളിത്തവും ചടങ്ങില്‍ പ്രഖ്യാപിച്ചു.

കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് മലേഷ്യ എയര്‍ലൈന്‍സ് വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിലെ എയര്‍ലൈന്‍സ് ബിസിനസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) ദെര്‍സെനിഷ് അരസന്ദിരന്‍ പറഞ്ഞു. കേരളത്തിലേക്ക് നാലോ അഞ്ചോ വിമാന സര്‍വീസുകള്‍ നടത്താന്‍ സാധിക്കുന്നതിലേക്ക് വളരാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇറക്കുന്ന ആദ്യത്തെ പ്രീമിയം എയര്‍ലൈനായി മാറാന്‍ മലേഷ്യ എയര്‍ലൈന്‍സിന് കഴിഞ്ഞു.

കേരള ടൂറിസത്തിന്‍റെ സാധ്യതകള്‍ അനുഭവവേദ്യമാക്കുന്നത് മുന്നില്‍ കണ്ട് കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ മികച്ച വ്യാപാര പങ്കാളികളെയും ഫാം ടൂറിന്‍റെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലേക്കാണ് മലേഷ്യ എയര്‍ലൈന്‍സ് ആദ്യമായി ഫാം ടൂര്‍ സംഘടിപ്പിക്കുന്നത്. മറ്റേതൊരു എയര്‍ലൈന്‍സിനു ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കേരള ടൂറിസത്തിനായി ചെയ്യാന്‍ സാധിക്കും. തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് നടത്തുന്ന ഒരേയൊരു പ്രീമിയം കാരിയര്‍ മലേഷ്യ എയര്‍ലൈന്‍സാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ടൂറിസത്തിനും മലേഷ്യ എയര്‍ലൈന്‍സിനും ഗുണകരമാകുന്ന വിധത്തിലാണ് ‘ലുക്ക് ഈസ്റ്റ്’ നയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേരള ടൂറിസം സെക്രട്ടറി ബിജു. കെ പറഞ്ഞു. എയര്‍ലൈനുകള്‍, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖല, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സേവന ദാതാക്കള്‍ തുടങ്ങിയവര്‍ ഈ പങ്കാളിത്തത്തിന്‍റെ ഭാഗമാണ്.

പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ വൈവിധ്യങ്ങളെ തുറന്നു കാട്ടുന്നതില്‍ ‘ലുക്ക് ഈസ്റ്റ്’ കാമ്പയിന്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. വ്യവസായ പങ്കാളികള്‍, പ്രാദേശിക സമൂഹത്തിന്‍റെ പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കരകൗശല വിദഗ്ധര്‍ എന്നിവരുമായി ചൈന, ജപ്പാന്‍, മലേഷ്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രതിനിധി സംഘം ആശയവിനിമയം നടത്തും. ടൂറിസം മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് ബി 2 ബി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ കേരള ടൂറിസത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളെയും സാധ്യതകളെയും സഞ്ചാരികള്‍ക്കും വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മുന്നില്‍ പരിചയപ്പെടുത്തുന്ന അവതരണം നടത്തി.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി സ്വാമിനാഥന്‍. എസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി എന്നിവരും അവതരണം നടത്തി. പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവരും പങ്കെടുത്തു.