Training and skill development are crucial for the tourism sector

പരിശീലനവും നൈപുണ്യ വികസനവും ടൂറിസം മേഖലയ്ക്ക് നിര്‍ണായകം

യുവ സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കി വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന ടൂറിസം മേഖലയുടെ വികസനത്തിന്‍റെ നിര്‍ണായക ഘടകങ്ങളാണ് മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനവും നൈപുണ്യ വികസനവുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) നടന്ന ടൂറിസം വ്യവസായത്തിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട ദേശീയ സെമിനാറും പാനല്‍ ചര്‍ച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്‍റ് (ഐഎസ് ടിഡി) തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്‍റെ വികസിത ആവശ്യങ്ങള്‍ നിറവേറ്റുവാനായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതില്‍ കിറ്റ്സ് പോലെയുള്ള സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കിറ്റ്സിന്‍റെ അക്കാദമിക്ക് മികവിനെ ഐഎസ് ടിഡിയുടെ വ്യവസായ വ്യാപനവുമായി സംയോജിപ്പിച്ച് തൊഴില്‍ ശക്തിയെ സജ്ജരാക്കാന്‍ സാധിക്കും. പ്രാദേശിക സമൂഹങ്ങളിലെ ടൂറിസം സംരംഭകരെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിലൂടെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയും സംയോജിത വികസനവും കൈവരിക്കാന്‍ കഴിയും. കിറ്റ്സും ഐഎസ് ടിഡിയും തമ്മിലുള്ള പങ്കാളിത്തം ഈ അടിത്തറ സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമാണ്. ടൂറിസം മേഖലയുടെ ചലനാത്മക സ്വഭാവവുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസം, പൈതൃക ടൂറിസം, സാഹസിക ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കേരള ടൂറിസം വൈവിധ്യവത്ക്കരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നൂതനാശയങ്ങളും പുതിയ ഉത്പന്നങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് ധാരാളം സാധ്യതകളുണ്ട്. ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം പോലെയുള്ള സംവിധാനങ്ങള്‍.

ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍, മാര്‍ഗനിര്‍ദേശം, സാമ്പത്തിക സഹായം തുടങ്ങിയവ ലഭ്യമാക്കി ടൂറിസം മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെയും എം.എസ്എംഇ കളെയും വികസിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസം ജനകേന്ദ്രീകൃതമാണ്. ഉയര്‍ന്ന നിലവാരമുള്ള സേവനം, സഞ്ചാരികളുടെ സംതൃപ്തി, സുസ്ഥിര വളര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിന് മനുഷ്യ വിഭവ ശേഷി വികസനം അനിവാര്യമാണ്. നൈപുണ്യ വികസനം, ഹോസ്പിറ്റാലിറ്റി പരിശീലനം, ഭാഷാ പ്രാവീണ്യം, ഡിജിറ്റല്‍ പരിജ്ഞാനം, ലക്ഷ്യസ്ഥാന മാനേജ്മെന്‍റ് കഴിവുകള്‍ എന്നിവയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികള്‍ തയ്യാറായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ശാസ്താംപാറ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതി വിശദീകരിക്കുന്നതിനായി നിക്ഷേപകര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ ഏകദേശം 20 സംരംഭകര്‍ പങ്കെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്ററിന്‍റെ ഔട്ട്സ്റ്റാന്‍ഡിംഗ് ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ് 2024-25 റോയല്‍ ടൂര്‍സിലെ ബെന്നി പാനികുളങ്ങരയ്ക്ക് മന്ത്രി സമ്മാനിച്ചു. കിറ്റ്സ് ഡയറക്ടര്‍ ഡോ. എം. ആര്‍. ദിലീപ്, ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.

യുവജനങ്ങള്‍ക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളും ഉത്പന്നങ്ങളും കൊണ്ടുവരാനാകണമെന്ന് കിറ്റ്സ് ഡയറക്ടര്‍ ഡോ. എം. ആര്‍ ദിലീപ് അഭിപ്രായപ്പെട്ടു. സെമിനാറില്‍ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ ടൂറിസം മേഖലയിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട അവതരണം നടത്തി.