Nishagandhi Dance Festival 15th to 21st

നിശാഗന്ധി നൃത്തോത്സവം 15 മുതൽ 21 വരെ

ചിത്ര വിശ്വേശ്വരന് നിശാഗന്ധി പുരസ്കാരം സമ്മാനിക്കും

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. 15 മുതൽ 21 വരെയുള്ള ഏഴു സന്ധ്യകൾ തലസ്ഥാനനഗരി ചിലങ്കമേളത്തിൻറെ ഉത്സവച്ചാർത്തണിയും.15 നു വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പ്രശസ്ത ഭരതനാട്യ നർത്തകിയും പത്മശ്രീ ജേതാവുമായ ചിത്ര വിശ്വേശ്വരന് നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം സമ്മാനിക്കും. തുടർന്ന് 6.30 ന് കേരള കലാമണ്ഡലം മേജർ ട്രൂപ്പ് അവതരിപ്പിക്കുന്ന അംബ എന്ന പ്രത്യേക മോഹിനിയാട്ട നൃത്താവിഷ്കാരവും 7.15 ന് അരൂപ ലാഹിരിയുടെ ഭരതനാട്യവും 8.15 ന് കഥക് കേന്ദ്ര ന്യൂഡൽഹിയുടെ കഥക്കും അരങ്ങേറും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗത്തെ പ്രഗത്ഭർ നൃത്തോത്സവത്തിൽ അണിനിരക്കും.

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കുകയും പരിചിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിശാഗന്ധി നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
രണ്ടാം ദിവസമായ വെള്ളിയാഴ്ച 6 ന് പ്രീതം ദാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 ന് ആരുഷി മുദ്ഗലിൻറെ ഒഡീസി, 8 ന് മഞ്ജു വി നായരുടെ ഭരതനാട്യം. ശനിയാഴ്ച 6 ന് സന്ധ്യ വെങ്കിടേശ്വരൻറെ ഭരതനാട്യം, 6.45 ന് അനന്യ പരിദയും രുദ്രപ്രസാദ് സ്വെയിനും അവതരിപ്പിക്കുന്ന ഒഡീസി, 8 ന് ത്രിഭുവൻ മഹാരാജും സംഘവും അവതരിപ്പിക്കുന്ന കഥക്, ഞായറാഴ്ച 6 ന് അഖില ജി കൃഷ്ണൻറെ മോഹിനിയാട്ടം, 6.45 ന് ഗീത ചന്ദ്രൻറെ ഭരതനാട്യം, 8 ന് ഗുരു വി. ജയറാമ റാവുവും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി.

തിങ്കളാഴ്ച 6 ന് നന്ദകിഷോറിൻറെ ഭരതനാട്യം, 6.45 ന് ഭദ്ര സിൻഹയുടെയും ഗായത്രി ശർമ്മയുടെയും ഭരതനാട്യം, 8 ന് ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. ചൊവ്വാഴ്ച 6 ന് ജനനി മുരളിയുടെ ഭരതനാട്യം, 6.45 ന് വിനിത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 8 ന് ബിജുല ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. സമാപന ദിവസമായ ബുധനാഴ്ച 6 ന് മധുസ്മിത ബോറയുടെയും പ്രേരണ ഭുയാൻറെയും സത്രിയ, 6.45 ന് മാളവിക സരൂക്കായുടെ ഭരതനാട്യം, 8 ന് ഡോ. സിനം ബസു സിംഗും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയും അരങ്ങേറും. നിശാഗന്ധി നൃത്തോത്സവത്തിൻറെ ഭാഗമായുള്ള കഥകളിമേള കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ നടക്കും. പ്രശസ്ത കഥകളി കലാകാരൻമാർ അരങ്ങിൽ അണിനിരക്കും.