The renovated Thrissur Town Hall was dedicated to the nation

നവീകരിച്ച തൃശ്ശൂർ ടൗൺ ഹാൾ നാടിന് സമർപ്പിച്ചു

നവീകരിച്ച തൃശ്ശൂർ ടൗൺ ഹാൾ നാടിന് സമർപ്പിച്ചു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും. സർക്കാർ മുൻകൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേർത്തു നിർത്തി പൊതു ഇടങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തും. പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ നിർമ്മാണ പ്രവൃത്തനങ്ങൾക്ക് നവീനമായ രൂപകൽപ്പനകൾ അവതരിപ്പിക്കും. ഇതിനായി സമഗ്രമായ ഒരു ഡിസൈൻ നയം രൂപീകരിച്ച് പൊതുമരാമത്ത്-ടൂറിസം മേഖലയിൽ മികച്ച ഡിസൈനോടുകൂടിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും.
തൃശ്ശൂരിലെ ഹൃദയഭാഗത്തായി 2.9 ഹെക്ടർ സ്ഥലത്ത് രണ്ടു നിലകളിലായി 2618 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 1938 ൽ നിർമ്മിച്ച ടൗൺ ഹാളിന്റെ സാംസ്‌ക്കാരിക തനിമ നഷ്ടപ്പെടാതെ പഴയ പ്രൗഡി നിലനിർത്തിക്കൊണ്ടാണ് മൂന്നു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കാണികൾക്ക് സുഗമമായ കാഴ്ച ലഭിക്കുന്നതിനായി തറനിരപ്പ് ക്രമീകരിച്ച് വിട്രിഫൈഡ് ടൈലുകൾ പാകുകയും വരാന്തകൾ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കുകയും ചെയ്തു. ടൗൺ ഹാളിന്റെ സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളും ഭിന്നശേഷി സൗഹൃദമാക്കി. ശബ്ദനിയന്ത്രണത്തിനായി എക്കോസ്റ്റിക് പാനലുകൾ ഉപയോഗിച്ച് ടൗൺഹാളിന്റെ ഭിത്തികൾ ക്രമീകരിച്ചു. ഹാളിലുണ്ടായിരുന്ന ബഞ്ചുകൾ മാറ്റി പുതിയ കുഷ്യനോടുകൂടിയ ബെഞ്ചുകൾ സ്ഥാപിക്കുകയും സ്റ്റേജിൽ പുതിയ കർട്ടനുകൾ സ്ഥാപിക്കുകയും ചെയ്തു.

ഇലക്ട്രോണിക്‌സ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഡിസ്ട്രിബ്യൂട്ടഡ് സ്പീക്കർ സംവിധാനത്തോടുകൂടിയ ശബ്ദ സംവിധാനം, 32 ചാനലോടുകൂടിയ ഡിജിറ്റൽ മിക്‌സർ, ബാൽക്കണിക്ക് താഴെയുള്ള സീറ്റിംഗിന് 400 വാർട്ട്‌സ് 2-വേ പാസ്സീവ് ലൗഡ്‌സ്പീക്കർ 8 എണ്ണം, മുകളിലെ ബാൽക്കണി ഏരിയയ്ക്ക് 2-വേ പാസീവ് ലൗഡ് സ്പീക്കർ, 300 വാട്ട് സ്റ്റേജ് മോണിറ്റർ 2 എണ്ണം, 800 വാട്ട് സബ് വൂഫർ 4 എണ്ണം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ടൗൺ ഹാളിലെ ഓഡിയോയുടെ ശരിയായ ശബ്ദ ദൃഢീകരണത്തിനായി ഡി.എസ്.പിയ്‌ക്കൊപ്പം ക്ലാസ് ഡി ആംപ്ലിഫയർ 6 എണ്ണവും 2 ചാനൽ പവർ ആംപ്ലിഫിക്കേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗൺ ഹാളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഇന്റീരിയർ ഡിസൈനും സീറ്റിംഗ് അറേഞ്ച്‌മെന്റ് ലേഔട്ടും തയ്യാറാക്കിയത് പൊതുമരാമത്ത് ആർക്കിടെക്ച്ചറൽ വിഭാഗമാണ്. 450 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.