തീരദേശ മേഖലയ്ക്ക് ആശ്വാസമായി കടപ്പുറത്ത് സൈക്ലോൺ ഷെൽട്ടർ
തീരദേശ മേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സൈക്ലോൺ ഷെൽട്ടർ. ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിലാണ് സൈക്ലോൺ ഷെൽട്ടർ നിർമിച്ചത്. 3.63 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ ആശ്വാസമാകാൻ ഷെൽറ്റർ ഉപകരിക്കും.
600 പേർക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. നിലവിൽ അടിയന്തര സാഹചര്യങ്ങളിൽ സമീപത്തെ വിദ്യാലയങ്ങളിലും സർക്കാർ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നത്. സൈക്ലോൺ ഷെൽട്ടർ യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകും.
877 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് (കെട്ടിടം) വകുപ്പിനായിരുന്നു നിർമാണ ചുമതല. ഗ്രൗണ്ട് ഫ്‌ളോറിൽ ഡൈനിങ് ഹാൾ, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളിൽ രണ്ടു വലിയ ഹാളുകൾ, വാഷ് ഏരിയ, ആറ് ടോയ്‌ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.