Thaliparakkadav bridge was inaugurated

താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം പൊതുജനങ്ങൾക്കായി തുറന്നുനല്കി. കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫ് 21 പദ്ധതിയിൽ ഉൾപ്പെടുത്തി 17.55 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 22.32 നീളത്തിലുള്ള മൂന്ന് സ്പാനുകൾ ഉള്ള പാലത്തിന്റെ ആകെ നീളം 66.96 മീറ്ററാണ്. കാര്യേജ് വേ 7.50 മീറ്ററും ഇരു വശത്തും 1.50 മീറ്റർ വീതിയിലുള്ള ഫുട്ട്പാത്ത് ഉൾപ്പടെ ആകെ വീതി 11.05 മീറ്ററുമാണ് . അനുബന്ധ റോഡായി പനമരം ഭാഗത്ത് 1410 മീറ്ററും പടിഞ്ഞാറത്തറ ഭാഗത്ത് 860 മീറ്ററും ബിറ്റുമിനസ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്. റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്. താളിപ്പാറക്കടവ് പാലം നാടിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ്.വയനാടിന്റെ കാർഷിക മേഖലയുടെയും ടൂറിസം മേഖലയുടെയും കുതിപ്പിന് സഹായകരമാവും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗാറിനെയും കുറുമ്പാല കോട്ടയെയും വേഗത്തിൽ ബന്ധിപ്പിക്കുന്നത് വഴി ടൂറിസം മേഖലയ്ക്ക് പാലം മുതൽകൂട്ടാവും.

ഇത്തരം പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം മികച്ച രീതിയിൽ പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയുടെ ടൂറിസം മേഖല വലിയ കുതിപ്പാണ് കാഴ്ച വെയ്ക്കുന്നത്. 2023 ൽ ജില്ലയിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വ കാല റെക്കോർഡ് മറികടക്കും. 5 വർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രണ്ടര വർഷമാവുമ്പോഴേക്കും 80 പാലങ്ങൾ പൂർത്തിയാക്കി. വയനാടിന്റെ ടൂറിസം സാധ്യതകളെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന പദ്ധതികൾക്കൾക്കും തുടക്കമിട്ടു കഴിഞ്ഞു.