ഡിജിറ്റൽ മാർക്കറ്റിങ് കാമ്പയിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന്
നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻറെ (പാറ്റ) 2024 ലെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവൽ മാർട്ട് 2024 ൻറെ ഭാഗമായി തായ് ലൻറിലെ ബാങ്കോക്ക് ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിൻ പരിഗണിച്ചാണ് പുരസ്കാരം. ഈ വർഷം പാറ്റ ഗോൾഡ് അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം.
ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതന ഉൽപ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് കാമ്പയിനിനുള്ള പാറ്റ ഗോൾഡ് പുരസ്കാരം സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള കേരളത്തിൻറെ ആസൂത്രണ മികവിനെയാണ് കാണിക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറഞ്ഞ നിരക്കിൽ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്നതായിരുന്നു ഈ ക്യാമ്പയിൻ.
വിജയികളാകുന്നവർക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധിദിനങ്ങൾ ചെലവിടാൻ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തിൽ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.
കേരള ടൂറിസത്തിൻറെ ഔദ്യോഗിക വാട്സാപ് ചാറ്റ്ബോട്ട് ആയ മായയിലെ ആകർഷകവും ആവേശകരവുമായ ബിഡ്ഡിംഗ് ഗെയിമിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസത്തിൻറെ ബ്രാൻഡിംഗ്-മാർക്കറ്റിംഗ് ഏജൻസിയായ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഒരു മാസത്തെ കാമ്പയിനായ ‘ഹോളിഡേ ഹീസ്റ്റ്’ 2023 ജൂലൈയിലാണ് ആരംഭിച്ചത്. കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കുന്നതിനായി നിരവധി സഞ്ചാരികൾ ഗെയിമിൻറെ ഭാഗമായതോടെ ഇത് മികച്ച വിജയമായി മാറി.
തീർച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷൻ എന്ന കേരളത്തിൻറെ ഖ്യാതി ഉയർത്തിയ ട്രെൻഡിങ് ഓൺലൈൻ കാമ്പയിനായിരുന്നു ഹോളിഡേ ഹീസ്റ്റ്. ബിഡ്ഡിങ് ഗെയിമിൽ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകൾ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിൻ കാലയളവിൽ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ഗെയിമിന് ലഭിച്ച സ്വീകാര്യത ഈ കണക്കുകളിൽ നിന്നു വ്യക്തമാണെന്നും ചൂണ്ടിക്കാട്ടി.
വിവിധ വിഭാഗങ്ങളിലെ മികവിന് കേരള ടൂറിസത്തിന് പാറ്റ അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൻറെ സമർഥമായ ഡിജിറ്റൽ ടൂറിസം മാർക്കറ്റിങ് കാമ്പയിനിൻറെ വിജയവും അതുവഴി നിരവധി സഞ്ചാരികളെ ആകർഷിക്കാനായതുമാണ് ഇത്തവണത്തെ സവിശേഷത.
‘ലോവസ്റ്റ് യുണിക് ബിഡ്ഡിങ്’ എന്ന ആശയത്തെ മുൻനിർത്തിയുള്ള ഒരു മാസത്തെ കാമ്പയിൻ ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂർ പാക്കേജുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതായിരുന്നു. സമർഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂർ പാക്കേജുകൾ സ്വന്തമാക്കിയവരുണ്ട്.
ഏഷ്യ-പസഫിക് മേഖലയിലെ ട്രാവൽ വ്യവസായത്തിൽ നിന്നുള്ള മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.