ട്രെൻഡിംഗ് വിവാഹങ്ങൾക്ക് കേരളം ; ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത്
കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ആരംഭിച്ചു. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം വിനോദസഞ്ചാര രംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കും.
വിനോദസഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന് ശംഖുംമുഖം അർബൻ ബീച്ച് ഡെവലപ്പ്മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തിൽ രണ്ട് കോടിയുമാണ് വിനിയോഗിച്ചത്. ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിങ് സോൺ, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കും.
നവംബർ 30ന് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിൽ ആദ്യ വിവാഹം നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾപ്പെടുത്തിയുള്ള മെനുവും ഒരുക്കും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കി ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്‌ലൈഫ് കേന്ദ്രമൊരുക്കാനും പദ്ധതിയുണ്ട്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കേരളത്തിന്റെ ടൂറിസം മേഖല വളർച്ചയ്ക്ക് കൂടുതൽ ഊർജം പകരും കൂടാതെ പ്രമുഖ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമെന്ന നിലയിൽ കേരളം ഒരു ബ്രാൻഡായി മാറും.