Kerala Tourism with Tourist Souvenir Challenge

ടൂറിസ്റ്റ് സുവനീർ ചലഞ്ചുമായി കേരള ടൂറിസം

മത്സരത്തിലെ ആദ്യ മുന്ന് സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപ സമ്മാനം

കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് യാത്രയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകൾ (സുവനീറുകൾ) തയ്യാറാക്കുന്നതിനായി കേരള സുവനീർ നെറ്റ് വർക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിൻറെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷൻ സുവനീർ നെറ്റ് വർക്ക് മത്സരം സംഘടിപ്പിക്കുന്നു.

മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 14 പേർക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. പങ്കെടുക്കുവരിൽ നിന്നും 100 പേർക്ക് തെരഞ്ഞെടുക്കപ്പെട്ട സ്മരണികകൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകും. പരിസ്ഥിതിസൗഹൃദ വസ്തുക്കൾ കൊണ്ടുള്ളതും കേരളത്തിൻറെ കല, സംസ്കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉൾക്കൊള്ളുന്നതും പൂർണ്ണത ഉള്ളതും ആകർഷകവും ആയിരിക്കണം മത്സരത്തിനായി തയ്യാറാക്കുന്ന സ്മരണികകൾ. ഇതിൻറെ ഭാരം 500 ഗ്രാമിൽ കൂടരുത്. വലുപ്പം 20×15 സെ.മീ 30×15 സെ.മീ ആയിരിക്കണം. അല്ലെങ്കിൽ ഫ്രെയിം ചെയ്യാവുന്ന തരത്തിൽ ഫ്ളാറ്റ് ആയിട്ടുള്ളവ ആയിരിക്കണം.

സംസ്ഥാനത്തെ പൊതുവിൽ പ്രതിനിധീകരിക്കുന്ന ആശയമോ, ഒരു ജില്ല അല്ലെങ്കിൽ ഒരു പ്രത്യേക പ്രദേശം എന്ന ആശയമോ സ്മരണിക നിർമ്മിക്കുന്നതിനുള്ള വിഷയമായി പരിഗണിക്കാവുന്നതാണ്. സ്മരണിക ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കളും വിഷയവും മത്സരത്തിന് സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തണം. കേരളത്തിൽ സ്ഥിരതാമസമുള്ള മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കുന്നവർ സുവനീർ മാതൃകയും പേര്, വിലാസം, ഫോൺ നമ്പർ, ഇ മെയിൽ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷാ ഫോമും നേരിട്ടോ തപാൽ മാർഗ്ഗമോ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന ഓഫീസിൽ ഫെബ്രുവരി 28 ന് വൈകീട്ട് 5 മണിക്കുള്ളിൽ ലഭ്യമാക്കണം.

മത്സരത്തിനായി ലഭിക്കുന്ന സുവനീറിൻറെ ഉടമസ്ഥാവകാശവും അതിന് മാറ്റം വരുത്താനുള്ള അവകാശവും ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2334749

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം: ഉത്തരവാദിത്ത ടൂറിസം മിഷൻ, ടൂറിസം വകുപ്പ്, കേരള സർക്കാർ, പാർക്ക് വ്യൂ, തിരുവനന്തപുരം-695033.