ടൂറിസം വികസനത്തിനു പരിപാലനം പ്രധാന ഘടകം

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖത്ത് നടന്നു.വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണ്.

ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനവും അതിന്റെ ഭാഗമായുണ്ടാകുന്ന വികസനവും തിരിച്ചറിഞ്ഞ് ഓരോ വ്യക്തിയും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണം. ഇതിനായി വിദ്യാർത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി സർക്കാർ രൂപീകരിച്ച ടൂറിസം ക്ലബ്ബുകളുടെ പ്രവർത്തനം അഭിനന്ദനീയമാണ്. ഓണാഘോഷ പരിപാടികളിലും ചാമ്പ്യൻസ് ലീഗ് വള്ളംകളിയിലും മികച്ച പ്രവർത്തനങ്ങളാണ് ടൂറിസം ക്ലബ്ബ് അംഗങ്ങൾ നടത്തിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം 1980 മുതൽ സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കുകയാണ്. വിനോദ സഞ്ചാരികൾക്കുള്ള അവബോധവും കാലം ആഗ്രഹിക്കുന്ന നടപടികളും ഇതിന്റെ ഭാഗമാണ്. ടൂറിസം പുനർവിചിന്തനമെന്നതാണ് നിലവിലെ പ്രമേയം. അതിനനുസൃതമായ പ്രവർത്തനങ്ങളാണ് പരിപാലന, മാലിന്യ നിർമാർജന രംഗത്ത് സർക്കാർ സ്വീകരിക്കുന്നത്.

കോവിഡ് മഹാമാരിയുണ്ടാക്കിയ സ്തംഭനത്തിൽനിന്നു ടൂറിസം മേഖല തിരിച്ചുവരികയാണ്. ടൂറിസം മേഖലയിൽ വൈവിധ്യമൊരുക്കാൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചചെയ്ത് ക്രിയാത്മക ആശയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ്. സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം എന്നതിൽ അടിസ്ഥാനമാക്കി നടപ്പിലാക്കിയ കാരവൻ പോളിസിയും വാഗമണിലെ കാരവൻ പാർക്കും ജനങ്ങൾ സ്വീകരിച്ചു. ടൈം മാഗസിൻ ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണ്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. റിവഞ്ച് ടൂറിസം എന്ന നിലയിൽ സംസ്ഥാന, ജില്ല തലങ്ങളിൽ സംഘടിപ്പിച്ച ഓണാഘോഷം ജനകീയ ഉത്സവമായി മാറി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകും. ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ട്രാവൽ ഗൈഡുമാരായി പ്രവർത്തിക്കുന്നതിനുള്ള അവസരമൊരുക്കും.