Chavakkad Beach boosted tourism sector

ടൂറിസം മേഖലയ്ക്ക് കുതിപ്പേകി ചാവക്കാട് ബീച്ച്

നടപ്പാക്കിയത് നാല് കോടിയുടെ വികസനങ്ങൾ

ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ചാവക്കാട് ഒരുങ്ങി

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച്  വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്നു. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്.മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേക്കാൻ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജും ഒരുങ്ങി.നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  സർക്കാർ  ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്.

ജില്ലയിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്.വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്.

എംഎൽഎ ഫണ്ട് വിനിയോഗിച്ച് ബീച്ചിൽ സൗകര്യവത്കരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ബീച്ചില്‍ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി സെൽഫി പോയിന്റും എം എൽ എ ഫണ്ട് വിനിയോഗിച്ച് സ്ഥാപിക്കുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു.ഹൈമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം,പ്രവേശന കവാടം എന്നിവ തയ്യാറാക്കി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാനൊരുങ്ങുകയാണ് ചാവക്കാട് ബീച്ച്.

2016 ലാണ് വിനോദ സഞ്ചാരപാത തുറക്കുന്നതിനായി ചാക്കാട് ബീച്ചിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനത്തിലൂടെ ബീച്ചിന്റെ മുഖച്ഛായ തന്നെ മാറി.ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1. 46 കോടി രൂപയും മുൻ എം എൽ എ കെ വി അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷവും അനുവദിച്ചിരുന്നു.

2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികൾ  നടപ്പാക്കിയത്. കുട്ടികൾക്കായുള്ള  ചിൽഡ്രൻസ് പാർക്കാണ് ഇതിലെ മുഖ്യ ആകർഷണം. നിലവിൽ മഡ് റൈഡിങ്ങ്, സ്പീഡ് ബോട്ട് റൈഡിങ്ങ്, കുതിരി സവാരി തുടങ്ങിയവയാൽ ബീച്ച് സജീവമാണ്. വിനോദത്തോടൊപ്പം നിരവധി പേർക്ക് തൊഴിലവസരം കൂടി സൃഷ്ടിക്കാൻ ഇതുമൂലം കഴിഞ്ഞു.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ബീച്ച് ഫെസ്റ്റിവെല്ലിൽ 1.10 ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന് ലഭ്യമായത്. 25000 ത്തോളം വിനോദ സഞ്ചാരികളാണ് കടലിന്റെ മനോഹാരിത ആസ്വദിക്കാൻ ഓണാവധി ദിവസങ്ങളിൽ എത്തിയത്.ചാവക്കാട് കടപ്പുറത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കടലിന്റെയും നദിയുടെയും സംഗമമായ അഴിമുഖവും ഇവിടുത്തെ പ്രത്യേകതയാണ്. പ്രതിവർഷം ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവാണുള്ളത്.