A 'Mission 2030' master plan will be brought for the tourism sector

വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള ‘മിഷൻ 2030’ മാസ്റ്റർപ്ലാൻ സർക്കാർ അടുത്ത വർഷം കൊണ്ടു വരും. ഡ്രൈ ഡേ, സംസ്ഥാനത്തിൻറെ ജിഡിപിയിൽ ടൂറിസത്തിൻറെ സംഭാവന നിലവിലെ 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നയങ്ങളും നിർദേശങ്ങളും മാസ്റ്റർ പ്ലാനിൽ അവതരിപ്പിക്കും.

ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ അടുത്ത വർഷം നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ട് സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തിൽ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകൂ.

നവംബർ 16ന് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സ്വകാര്യ നിക്ഷേപകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിലുള്ളത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണ്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും 2024-ൽ ആരംഭിക്കും. ചാലിയാർ നദിക്ക് കുറുകെ നവീകരിച്ച 132 വർഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈൻ പോളിസിക്ക് അനുസൃതമായി 2024 ൽ സംസ്ഥാനത്തിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആലുവയിൽ മറ്റൊരു പാലത്തിൻറെ പണി 2024 ൽ ആരംഭിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. നൂതന പദ്ധതികൾ ആവിഷ്കരിക്കുന്ന ‘കേരള മോഡൽ’ ലോകമെമ്പാടും അനുകരിക്കും.
ഗ്ലാസ് ബ്രിഡ്ജ്, ഫ്ളോട്ടിങ് ബ്രിഡ്ജ്, സിനിമാ ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചതിലൂടെ കോവിഡിന് ശേഷമുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കോവിഡിനു ശേഷം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ശ്രദ്ധേയമാണ്. കോവിഡിന് മുമ്പ് ഏകദേശം 11,43,710 ആഭ്യന്തര വിനോദസഞ്ചാരികൾ വയനാട് സന്ദർശിച്ചപ്പോൾ 2022 ൽ സഞ്ചാരികളുടെ എണ്ണം 15,09,207 ആയി ഉയർന്നു. ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ, കോവിഡിന് മുമ്പുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 11,84,526 ആയിരുന്നു. വരുമാനം 7998719 രൂപ. 2022-23 ൽ ആഭ്യന്തര സന്ദർശകരുടെ എണ്ണം 24,34,756 ഉം വരുമാനം 12,213,79,45 രൂപയുമാണ്. ഇക്കഴിഞ്ഞ പൂജ അവധി ദിവസങ്ങളിൽ വയനാട്ടിലെ ഡിടിപിസി ടൂറിസം കേന്ദ്രങ്ങളിൽ 52,416 സന്ദർശകർ എത്തുകയും 31,73,785 രൂപ വരുമാനം നേടുകയും ചെയ്തു.

ടൂറിസം മേഖലയിലെ മൊത്തം തൊഴിലവസരങ്ങൾ 15 ലക്ഷമാണ്. 2022 ൽ ഈ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം 35,168.42 കോടി രൂപയായിരുന്നു. വിദേശ സഞ്ചാരികളിലൂടെയുള്ള വരുമാനം 2792.42 കോടി രൂപയും ആഭ്യന്തര സഞ്ചാരികളിൽ നിന്നുള്ള വരുമാനം 24,588.96 കോടി രൂപയാണ്.

കേരളത്തിലെ ഓരോ ഗ്രാമങ്ങളും വ്യക്തികളും ടൂറിസം ഉപഭോക്താക്കളായി മാറുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. ഗ്രാമീണ ജീവിതം, വിശ്വാസം, ആചാരങ്ങൾ, ഭക്ഷണ രീതി, കൃഷി, തൊഴിൽ എന്നിവയെല്ലാം ടൂറിസം ഉത്പന്നങ്ങളായി പ്രദർശിപ്പിക്കപ്പെടണം.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വിപുലമായ സാധ്യതയാണുള്ളത്. ഈ മേഖലയിൽ ഇതിനോടകം കേരളം മാതൃകാപരമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. കേരളത്തിൻറെ ഗ്രാമീണ മേഖലയിൽ ഈ ആശയത്തോടു ചേർന്നുനിൽക്കുന്ന നിരവധി തനത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകും.