ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20.1% വർധനവ്
ടൂറിസം മേഖലയിലെ വരുമാനത്തിൽ 2020 നേക്കാൾ വർധനവ്
സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോർഡ് നേട്ടമാണ് ഉണ്ടായത്. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത് 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികൾ ആണ്. 2022 ൽ ഇതേ കാലയളവിൽ 88,95,593 ആയിരുന്നു. 20.1% സഞ്ചാരികളാണ് അധികമായി എത്തിയത്.
കോവിഡിനു മുമ്പ് 2019 ലെ അർധവാർഷികത്തിൽ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കോവിഡിന് മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിൻറെ സൂചനയാണിത്.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി. 2022 നേക്കാൾ 171.55% വർധനവാണുള്ളത്. 2022 ലെ ആദ്യ പകുതിയിൽ 1,05,960 ആയിരുന്നത് 2023 ൽ 2,87,730 ആയി ഉയർന്നു. 1,81,770 വിദേശ സഞ്ചാരികളാണ് അധികമായി കേരളത്തിൽ എത്തിയത്.
2022 കലണ്ടർ വർഷം 35168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയിൽ നിന്ന് ലഭിച്ചത്. കോവിഡ് കാലത്തെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനത്തിൽ വലിയ വർധനവാണുണ്ടായത്. 2020ൽ 11335.96 കോടിയും 2021 ൽ 12285.42 കോടിയുമായിരുന്നു വരുമാനം.
ടൂറിസം വകുപ്പിൻറെ കണക്കനുസരിച്ച് 2023 ലെ ആദ്യപകുതിയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. 22,16,250 സഞ്ചാരികളെയാണ് എറണാകുളം ആകർഷിച്ചത്. ഇടുക്കിയാണ് രണ്ടാമത്, 18,01,502 സഞ്ചാരികൾ. തിരുവനന്തപുരം (17,21,264) തൃശ്ശൂർ (11,67,788), വയനാട് (8,71,664) ജില്ലകളാണ് തുടർന്നുള്ളത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ഈ വർഷം സർവ്വകാല റെക്കോർഡ് നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ ടൂറിസം ഉൽപ്പങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിനായി.
2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 57,47,369 ആണ്. 2022 രണ്ടാം പാദത്തിൽ ഇത് 51.01 ലക്ഷം ആയിരുന്നു. 12.68% വർധനവ്. 2023 ലെ രണ്ടാം പാദത്തിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 93,951 ആണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 62,413 ആയിരുന്നു. 50.53% വർധനവ്.