ടിഐഎം പദ്ധതികൾക്കായുള്ള ഫെസിലിറ്റേഷൻ സെൽ തുറന്നു
ടൂറിസം നിക്ഷേപക സംഗമത്തിൽ (ടിഐഎം) സമർപ്പിക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനായി ഇൻവെസ്റ്റ്മെൻറ് ഫെസിലിറ്റേഷൻ സെൽ ആരംഭിച്ചു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻറെ (കെടിഐഎൽ) തൈക്കാട്ടെ ഓഫീസിലാണ് സെൽ പ്രവർത്തിക്കുക. നവംബറിൽ സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിലെ നിക്ഷേപ നിർദ്ദേശങ്ങൾ വിലയിരുത്തി തുടർപരിപാടികൾ വേഗത്തിലാക്കാനും പുതിയവ സ്വീകരിക്കാനും ഫെസിലിറ്റേഷൻ സെൽ വഴി സാധിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ തുടർന്നാണ് പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ഫെസിലിറ്റേഷൻ സെൽ തുറക്കാൻ തീരുമാനിച്ചത്. ടിഐഎം ഫെസിലിറ്റേഷൻ സെല്ലിൻറെ കൺവീനറായി ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ), കോ-കൺവീനറായി കെടിഐഎൽ ചെയർമാൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയുർസൻസാര, റിഹാബ് വില്ലേജ് എന്നീ സ്ഥാപനങ്ങൾ നിക്ഷേപക പ്രപ്പോസലുകൾ കൈമാറിയിട്ടുണ്ട്.