The Chavakkad court complex will become a reality in January

ചാവക്കാട് കോടതി സമുച്ചയം ജനുവരിയിൽ യാഥാർത്ഥ്യമാകും

ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിര്മാണമാരംഭിച്ചു. പുതിയ കോടതി സമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കും. നല്ല രീതിയിൽ സിവിൽ നിർമ്മാണം പൂർത്തീകരിച്ച സർക്കാർ കെട്ടിടങ്ങളിൽ ഇലക്ട്രിക്കൽ പ്രവൃത്തിക്കായി പൊളിക്കുന്നത് ഒഴിവാക്കും. ദീർഘ നാളത്തെ പ്രശ്ന പരിഹാരത്തിനായി സർക്കാർ അതിനു വേണ്ടി സംയുക്ത കരാർ ഏർപ്പെടുത്തി.

37.9 കോടി രൂപ ചെലവിൽ 50084 സ്ക്വയർ ഫീറ്റിൽ 5 നിലകളിൽ ഭിന്നശേഷി സൗഹ്യദമായാണ് കെട്ടിടം നിർമ്മിക്കുന്നത്. ജെ.എഫ്.സി.എം കോടതി, പോക്സോ കോടതി, മുൻസിഫ് കോടതി, സബ് കോടതി ഉൾപ്പെടെ ഉൾകൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

ഭാവിയിൽ കൂടുതൽ കോടതികൾ കൂടെ ഉൾക്കൊള്ളാനും സാധിക്കും. ബാർ അസോസിയേഷൻ ഹാൾ, ക്ലാർക്ക് അസോസിയേഷൻ ഹാൾ, എന്നിവയും കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരിയിലെ നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. 2025 ജനുവരി മാസത്തിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കേരള ഹൈക്കോടതിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള നാല് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും ഒരു മുൻസിഫ് കോടതിയും ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി.