Kerala Tourism with 'Ethnic Village' project to introduce tribal culture to the world

ഗോത്രസംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തുന്ന ‘എത്നിക് വില്ലേജ്’ പദ്ധതിയുമായി കേരള ടൂറിസം

1.27 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത് ആർടി മിഷനും ഡിടിപിസിയും

കേരളത്തിൻറെ ഗോത്ര സംസ്കാര വൈവിധ്യത്തേയും പൈതൃകത്തേയും ആഗോള തലത്തിൽ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. ‘എത്നിക് വില്ലേജ്’ എന്ന പേരിൽ ഉത്തരവാദിത്ത ടൂറിസം മിഷനും (ആർടി മിഷൻ) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് ജീവിതശൈലി, കലാരൂപങ്ങൾ, കരകൗശല നിർമ്മാണം, ഭക്ഷണ വൈവിധ്യം തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന ഗോത്ര ഗ്രാമം നിർമ്മിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോത്രവിഭാഗക്കാരുടെ തനത് വാസസ്ഥലങ്ങളെയോ ആവാസവ്യവസ്ഥയെയോ ദൈനംദിന പ്രവർത്തനങ്ങളെയോ പദ്ധതി ബാധിക്കില്ല. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഇടുക്കി ഡിടിപിസി യുടെ രണ്ട് ഏക്കർ ഭൂമിയെ എത്നിക് വില്ലേജാക്കി മാറ്റും. കേരളത്തിലെ വിവിധ ഗോത്രവർഗ സമൂഹങ്ങളുടെ തനത് കലയും സംസ്കാരവും ഒരുമിച്ച് ഒരേ സ്ഥലത്ത് വിനോദ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിക്കും.

കേരളത്തിലെ ഗോത്രസമൂഹ സംസ്കാരവും ജീവിതശൈലിയും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പദ്ധതിയാണ് എത്നിക് വില്ലേജ്. കേരളത്തിൻറെ മികവുറ്റ എല്ലാ പ്രത്യേകതകളേയും ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഗോത്ര സംസ്കാരം അനുഭവിച്ചറിയാൻ വിനോദ സഞ്ചാരികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ 1,27,60,346 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.

ടൂറിസം ആക്ടിവിറ്റി സോൺ, അക്കോമഡേഷൻ സോൺ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് എത്നിക് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ വീടുകളുടെ മാതൃകയിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ താമസ സൗകര്യം എത്നിക് വില്ലേജുകളുടെ പ്രത്യേകതയാണ്.