The proud project of Guruvayur was dedicated to the nation by the railway flyover

ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി . സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 24.54 കോടി രൂപയാണ് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് അനുവദിച്ചത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി 23 സെന്റ് സ്ഥലവും സർക്കാർ ഏറ്റെടുത്തു.

2017 നവംബർ മാസത്തിൽ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻസ് ഓഫ് കേരള (ആർബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സർവ്വേ നടപടികൾ പൂർത്തീകരിച്ചു. തുടർന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയിൽ നിർമ്മാണ ഉദ്ഘാടനം നടത്തി. ഡിസംബറിൽ പൈലിങ് പ്രവൃത്തി ആരംഭിച്ചു.

റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും. ഒരു ദിവസം മുപ്പതോളം തവണയാണ് റെയിൽവേ ക്രോസ് അടച്ച് തുറന്നിരുന്നത്. ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി റെയിൽവേ മേൽപ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങളാണ് സംസ്‌ഥാനത്തു നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ആദ്യം നിർമ്മാണം പൂർത്തികരിച്ചത് ഗുരുവായൂരിലേതാണ്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻസ് ഓഫ് കേരളയ്ക്കായിരുന്നു (ആർബിഡിസികെ) നിർമ്മാണ ചുമതല. 5 സ്പാനുകളിലായി 22 ഗർഡറുകളുമാണ് മേൽപ്പാല നിർമ്മാണത്തിന് ഉപയോഗിച്ചത്.

റെയിൽവേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലാണ് റെയിൽവേ മേൽപ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തിൽ 7.5 മീറ്റർ വീതിയിലായി റോഡും 1.5 മീറ്റർ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലു മീറ്റർ വീതിയിൽ സർവ്വീസ് റോഡായി ഉപയോഗിക്കും. മേൽപ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പൺ ജിം എന്നിവ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും. മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ഗുരുവായൂർ മേൽപ്പാലത്തിൻ്റെ പ്രത്യേകതകൾ

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ആദ്യ മേൽപ്പാലം.
30 കോടിയോളം രൂപ ചെലവഴിച്ച് സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ച് നിർമാണം.
ഏറ്റെടുത്തത് 23 സെന്റ് സ്ഥലം.
അഞ്ച് സ്പാനുകളിലായി 22 ഗർഡറുകൾ.
നീളം: 517.32 മീറ്റർ.
വീതി: 10.15 മീറ്റർ.
ബിഎം ബിസി നിലവാരത്തിൽ 7.5 മീറ്റർ വീതിയിൽ റോഡ്.
1.5 മീറ്റർ വീതിയിൽ നടപ്പാത.