Koolimad bridge connecting Kozhikode-Malappuram districts has been completed

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം പൂർത്തിയായി. കിഫ്ബിയിൽ നിന്നും 25 കോടി രൂപ ചെലവഴിച്ചാണ് ചാലിയാറിന് കുറുകെ പാലം നിർമിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പാഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. ഇതിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നും വയനാട് നിന്നും മലപ്പുറത്തേയ്ക്കും കരിപ്പൂർ വിമാനത്താവളത്തിലേയ്ക്കും വരുന്ന യാത്രക്കാർക്ക് എളുപ്പമാർഗമാവും.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു.

309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 12 സ്പാനുകളാണുള്ളത്. ഇതിൽ 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ള അഞ്ച് സ്പാനുകൾ കര ഭാഗത്തുമാണ് നിർമിച്ചിട്ടുള്ളത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നൽകി പാലത്തെ മനോഹരമാക്കിയിട്ടുണ്ട്.
കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

നിർമാണ ഘട്ടത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് പാലം പണി പൂർത്തിയാക്കിയത്. നിർമാണം ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പ്രവൃത്തികൾ നിർത്തിവച്ചിരുന്നു. തുടർന്ന് ചാലിയാറിലെ പ്രളയ സാധ്യത മുന്നിൽ കണ്ട് പാലത്തിന്റെ മാതൃകയിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം ആരംഭിച്ചത്. പിന്നീട് ബീമുകൾ തൂണുകളിൽ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ സാങ്കേതികതകരാറു മൂലം മപ്രം ഭാഗത്തെ മൂന്ന് സ്പാനുകൾ തകർന്നിരുന്നു. തുടർന്ന് വിശദമായ പരിശോധനകൾ നടത്തി കുറ്റമറ്റ രീതിയിലാണ് പാലത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്.