Kollam and Kozhikode are poised to become international tourism hubs

കൊല്ലവും കോഴിക്കോടും അന്താരാഷ്ട്രാ ടൂറിസം കേന്ദ്രങ്ങൾ ആകാൻ ഒരുങ്ങുന്നു

സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശിച്ചത് അനുസരിച്ച് കേന്ദ്രാനുമതി ലഭിച്ച രണ്ടു പദ്ധതികളുടേയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് മന്ത്രി നിർദ്ദേശം നൽകിയത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള രൂപരേഖയും വകുപ്പ് തയ്യാറാക്കും.155 കോടിയുടെ രണ്ട് ടൂറിസം പദ്ധതികൾക്ക് കഴിഞ്ഞ ദിവസം ആണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചത്. 95.34 കോടിയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻറ് റിക്രിയേഷണൽ ഹബ്ബ് എന്നീ പദ്ധതികൾക്കാണ് ഫണ്ട് അനുവദിച്ചത്.

മലബാറിൻറെ പൈതൃകവും ഭൂമിശാസ്ത്രവും സാംസ്കാരിക സമ്പത്തുകളും ഉപയോഗിച്ച് ലോകോത്തര പൈതൃക വിനോദസഞ്ചാര കേന്ദ്രത്തെ സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ.

മലബാറിൻറെ പരമ്പരാഗത കലകളെയും കലാരൂപങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിനോദോപാധികൾക്ക് പ്രചരണം കൊടുക്കുകയും, പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങൾ.

മലബാറിൻറെ സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് അനുഭവിച്ച് അറിയാനുള്ള ഒരു കവാടമായി സർഗാലയ ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിനെ മാറ്റുന്നതാണ് പദ്ധതിയുടെ ഒരു ഘടകം. 20 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ പൈതൃക കേന്ദ്രമാണ് സർഗാലയ. കലയും കലയുമായി ബന്ധപ്പെട്ട സങ്കേതങ്ങളും, സാംസ്കാരിക പ്രദർശനവും ഉൾപ്പെടുത്തി ഏവർക്കും അനുഭവിക്കാവുന്ന കേന്ദ്രമാക്കി സർഗാലയയെ വികസിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി ബേപ്പൂർ വരെ നീളുന്ന നിരവധി പൈതൃക സർക്യൂട്ടുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ ആധുനിക സങ്കേതങ്ങളെ ഉപയോഗിച്ച് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കളരിപയറ്റ് പോലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലബാറിൻറെ വിഭവസമൃദ്ധമായ പാചക പാരമ്പര്യത്തിൽ, അപൂർവ്വമായ ഒരു സഞ്ചാര അനുഭവം നൽക്കുന്ന ഫുഡ് ടൂറിസം പദ്ധതികളും നിർദേശിച്ചിട്ടുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്കൊയുടെ സിറ്റി ഓഫ് ലിറ്ററേച്ചറിനെ അടിസ്ഥാനപ്പെടുത്തി എഴുത്തിനേയും എഴുത്തുകാരേയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താനുള്ള പദ്ധതികളുമുണ്ട്. പ്രാദേശിക പൈതൃകസമ്പത്തിനെ സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ജനകീയ ഇടപെടൽ കൂടി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .

പുരാതനകാലം മുതൽ പ്രശസ്തമായ കൊല്ലം, ആഗോളതലത്തിൽ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുവാനുള്ള പദ്ധതിയാണ് അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആൻറ് ഇക്കോ-റിക്രിയേഷനൽ ഹബ് പദ്ധതി. കൊല്ലത്തിൻറെ വിലമതിക്കാനാവാത്ത ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് നേരത്തെ ജെവവൈവിധ്യ സർക്യൂട്ടിന് രൂപം നൽകിയിരുന്നു. ജൈവ വൈവിധ്യ സർക്യൂട്ടിൻറെ വിപുലീകരണത്തോടൊപ്പം സാംസ്കാരിക പൈതൃകസമ്പത്തുകൾ പരിചയപ്പെടുത്തൽ, സംരക്ഷണം എന്നിവയും ആധുനികമായ വിനോദോപാധികളും ഇഴ ചേർത്താണ് പദ്ധതി. കൊല്ലം മറീനാ, അഷ്ടമുടി ലേക്ക് ഇൻറർട്ടേഷൻ സെൻറർ, ഫ്ളോട്ടിംഗ് ഭക്ഷണശാല, ബയോഡൈവേഴ്സിറ്റി ട്രെയിൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, ലേക്ക് വോക് വേ തുടങ്ങിയ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേസർ ഷോ പോലുള്ള പുതുമയാർന്ന ഘടകങ്ങളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. സുസ്ഥിര ടൂറിസം വികസനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൊല്ലത്തിൻറെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങൾക്ക് അനുഭവേദ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു.

കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് ഈ പദ്ധതികൾ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാണ്. പ്രാദേശികജനതയുടെ ഉന്നമനത്തിന് ടൂറിസത്തെ സജ്ജമാക്കുന്ന തരത്തിലാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ഇവ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.