Kondazhi - Kuthampulli bridge was inaugurated

കൊണ്ടാഴി – കുത്താമ്പുള്ളി പാലം നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

ചേലക്കരയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും

കൊണ്ടാഴി – കുത്താമ്പുള്ളി പാലം നിർമാണം ആരംഭിച്ചു. ഗായത്രി പുഴയിലൂടെയുള്ള കടത്ത്‌ യാത്രയ്ക്കും യാത്രാ ദുരിതത്തിനും പാലം വരുന്നതോടെ പരിഹാരമാകും. പുതിയ പാലം യഥാർത്ഥ്യമാകുന്നതോടെ കലയും കൈത്തറിയും പൈതൃകവും ഉൾക്കൊള്ളുന്ന ചേലക്കരുടെ പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കും. ചേലക്കരയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്കനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കും. ചേലക്കര ടൂറിസം സർക്യൂട്ടിനായി ആദ്യഘട്ടത്തിൽ 2 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

പാലം നിർമാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 33.14 കോടി രൂപ പാലത്തിനായി വകയിരുത്തി. 182 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക. ഭൂമിയേറ്റടുത്തതിന്റെ നഷ്ടപരിഹാരത്തുകയായ 6.27 കോടി രൂപ നേരത്തെ കൈമാറി. 18 മാസമാണ് നിർമ്മാണ കാലാവധി. പ്രധാനപാലത്തിനു പുറമെ കുത്താമ്പുള്ളി അനുബന്ധ റോഡിൽ പാടം വരുന്ന ഭാഗത്ത്‌ പാലം, ഇറിഗേഷൻ കനാൽ വരുന്ന ഭാഗത്ത് ഒരു മൈനർ ബ്രിഡ്ജ് എന്നിവയും, പാലത്തിന്റെ അപ്രോച്ച് റോഡും നിർമ്മിക്കും. കോഴിക്കോടുള്ള ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ.