Good response to Kerala Tourism's WhatsApp game 'Holiday Heisty' More than 80,000 bids and 5.2 lakh chats in the bidding game

കേരള ടൂറിസത്തിൻറെ വാട്സാപ് ഗെയിം ‘ഹോളിഡേ ഹീസ്റ്റി’ന് മികച്ച പ്രതികരണം

ബിഡ്ഡിംഗ് ഗെയിമിൽ 80,000 ലധികം ബിഡ്സ്, 5.2 ലക്ഷം ചാറ്റ്

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന് മികച്ച പ്രതികരണം. വിജയികളാകുന്നവർക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധിദിനങ്ങൾ ചെലവിടാൻ അവസരമൊരുക്കുന്നതായിരുന്നു ഗെയിം.

ജൂലൈയിൽ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമിൽ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകൾ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിൻ കാലയളവിൽ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുൻനിർത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂർ പാക്കേജുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതാണ്. കേരളത്തിൽ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

കേരള ടൂറിസത്തിൻറെ ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നൽകിയത്. കാമ്പയിൻ കാലയളവിൽ എല്ലാ ദിവസവും പുതിയ ടൂർ പാക്കേജുകളും പങ്കെടുക്കുന്നവർക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നൽകി. ആകർഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികൾക്ക് കേരളത്തിൽ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമർഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂർ പാക്കേജുകൾ സ്വന്തമാക്കിയവരുണ്ട്.

ആവേശകരമായ ഹോളിഡേ ഹീസ്റ്റ് ഗെയിമിലൂടെ ടൂർ പാക്കേജ് പ്രമോഷനുകൾ പുനർനിർവചിക്കാൻ കേരള ടൂറിസത്തിനായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകർഷിക്കാൻ ഗെയിമിനായി. രാജ്യത്ത് ഒരു ടൂറിസം വകുപ്പിൻറെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വിനോദസഞ്ചാര വ്യവസായത്തിലെ നൂതന സമീപനങ്ങളിൽ മാതൃക സൃഷ്ടിക്കുന്നതിൽ അഭിമാനിക്കുന്നു. കേരള ടൂറിസത്തിൻറെ നെറ്റ്വർക്ക് വികസിപ്പിക്കുന്നതിൽ കാമ്പയിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. കേരളത്തിൻറെ ട്രാവൽ കമ്മ്യൂണിറ്റിയിലേക്ക് 41,000 പുതിയ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
ഗെയിമിൽ പങ്കെടുക്കുന്നവരിൽ തന്ത്രപരമായ ചിന്തയും സർഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂർ പാക്കേജ് പ്രൊമോഷനുകളിൽ കേരള ടൂറിസം വിപ്ലവം സൃഷ്ടിച്ചതായി ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. ഇത് നൂതനമായ ടൂറിസം വിപണനത്തിൻറെ ശ്രദ്ധേയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലുടനീളമുള്ള കേരള ടൂറിസത്തിൻറെ പ്രചാരം കാമ്പയിനിൻറെ വിജയത്തിൽ പങ്കുവഹിച്ചുവെന്ന് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പറഞ്ഞു. ഗെയിമിലെ വിജയികൾക്ക് വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ അവധിക്കാല പാക്കേജ് നിരവധി പേരെയാണ് പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതും വലിയ സാധ്യതകളുള്ളതുമായ കേരളത്തിലെ പല ഡെസ്റ്റിനേഷനുകളും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് പരിചിതമാക്കാൻ കാമ്പയിന് സാധിച്ചു.

2022 മാർച്ചിൽ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോൺടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്‌. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.