ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാർഡും കേരളത്തിന്
ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന് ലഭിച്ചു . കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേരളത്തിന് അവാർഡ് . 90.5 പോയിൻറുമായാണ് കേരളം ഇന്ത്യാ ടുഡെ അവാർഡിന് അർഹമായത്
ഈ സർക്കാർ തുടക്കമിട്ട കാരവാൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡെയുടെ തെരഞ്ഞെടുപ്പ്. നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് ടൂറിസം മേഖലയിൽ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികൾ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാർഡിന് തെരഞ്ഞെടുത്തത്.
ഈ വർഷം കേരള ടൂറിസത്തിന് നിരവധി അവാർഡുകൾ ആണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ലണ്ടനിൽ നടന്ന വേൾഡ് ട്രേഡ് മാർട്ടിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളത്തിന് അവാർഡ് ലഭിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വാട്ടർ സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയിൽ മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ കേരളത്തെയും അടയാളപ്പെടുത്തി. ട്രാവൽ പ്ളസ് ലിഷറിന്റെ വായനക്കാർ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.
കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാർഡ്. സഞ്ചാരികളെ ആകർഷിക്കാൻ ഉതകും വിധം ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഇത്തരം പുരസ്ക്കാരങ്ങൾ പ്രചോദനമാകും . കോവിഡിൽ തകർന്നു പോയ ടൂറിസം മേഖല ആസൂത്രിതമായ പ്രവർത്തനങ്ങളിലൂടെയാണ് തിരിച്ചു വന്നത് . ടൂറിസം മേഖലക്കും സഞ്ചാരികൾക്കും സുരക്ഷിതത്വമേകി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നൽകുകയാണ് ചെയ്തത്. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു. കാരവാൻ ടൂറിസത്തെ കേരളം സ്വീകരിച്ചു കഴിഞ്ഞു. കൂടുതൽ നവീനമായ ഉത്പ്പന്നങ്ങൾ സജ്ജമാക്കി കൂടുതൽ സഞ്ചാരികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരും.