Kerala Tourism Director Shikha Surendran received the award.

കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി

ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ഇന്ത്യ ടുഡേ നൽകുന്ന വാർഷിക പുരസ്കാരമാണിത്.

പ്രകൃതിയോടിണങ്ങിയുള്ള കേരളത്തിൻറെ തനത് വിനോദസഞ്ചാര അനുഭവങ്ങൾക്കുള്ള സ്വീകാര്യതയ്ക്കൊപ്പം ടൂറിസം മേഖലയിൽ കേരളം നടപ്പാക്കുന്ന നൂതന പദ്ധതികൾക്കും ആകർഷണങ്ങൾക്കുമുള്ള അംഗീകാരം കൂടിയായി ഈ പുരസ്കാരത്തെ കാണുന്നുവെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി കേരളം വീണ്ടും അംഗീകരിക്കപ്പെടുന്നു. കൂടുതൽ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ വരവിന് പുരസ്കാര നേട്ടം സഹായകമാകും. പശ്ചാത്തല മേഖലയിലെ വികസനം കേരളത്തിലെ ടൂറിസത്തിനു കൂടി മുതൽക്കൂട്ടായി മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ടൂറിസത്തിൻറെ മികവിനുള്ള സാക്ഷ്യപത്രമായി പുരസ്കാരത്തെ കാണുന്നുവെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികൾക്കനുസരിച്ച് നൂതനവും വ്യത്യസ്തവുമായ ടൂറിസം ഉത്പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ പുരസ്കാരം 2022 ലും പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കേരവൻ കേരള’യ്ക്ക് 2023 ലും ഇന്ത്യാ ടുഡേ പുരസ്കാരം കേരളത്തിന് ലഭിച്ചിരുന്നു.