Tourism University to be set up in Kerala

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നു.
ആഗോളതലത്തിൽ എവിടെയും ജോലി ലഭ്യമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഭാവിയിൽ ഒരു ടൂറിസം യൂണിവേഴ്സിറ്റിയായി അതിനെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായമായി ടൂറിസം മാറിക്കഴിഞ്ഞു. ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭാവിയിൽ ഈ മേഖല അത്യപൂർവ്വമായ വളർച്ചയാണ് കൈവരിക്കാൻ പോകുന്നത്. വ്യോമയാന മേഖലയിൽ എയർ ഇന്ത്യയും ഇൻഡിഗോയും 450 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടുകഴിഞ്ഞു. ഭാവിയിൽ വ്യോമയാന മേഖലയിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടാകാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും. അതോടൊപ്പം ടൂറിസത്തിലെ മറ്റ് മേഖലകൾ വളരുകയും തൊഴിൽ അവസരങ്ങൾ ദ്രുതഗതിയിൽ വർധിക്കുകയും ചെയ്യും. വർധിച്ചുവരുന്ന തൊഴിലവസരങ്ങൾക്ക് ആനുസൃതമായി തൊഴിലിനു യോഗ്യരായവർ സൃഷ്ടിക്കപ്പെടണം. കേരളം ടൂറിസത്തിന് എന്നും ഒരു മാതൃകയായി നിലകൊള്ളുന്ന സംസ്ഥാനമാണ്.

ടൂറിസത്തിനു വേണ്ടിയുള്ള മാനവശേഷി വികസനത്തിലും സംസ്ഥാനം മുൻപന്തിയിലാണ്. കിറ്റ്സ് പോലൊരു സ്ഥാപനം രാജ്യത്ത് ആദ്യം ആരംഭിക്കുന്നത് കേരളത്തിലാണ്. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി ഉറപ്പാക്കുന്നത് ഇത്തരം സ്ഥാപനങ്ങളുടെ മികവിന്റെ ഉദാഹരണമാണ്.