Minister releases digital event calendar of Kerala festivals

കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റൽ ഇവൻറ് കലണ്ടർ മന്ത്രി പുറത്തിറക്കി

ടൂറിസം മേഖലയിൽ കേരളത്തിൻറെ വളർച്ച ലോക ശരാശരിക്കു മുകളിലാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല, ലോകരാജ്യങ്ങളുമായാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ ഇവൻറ് കലണ്ടർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷ പരിപാടികളുമാണ് ഡിജിറ്റൽ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിപാടികളെ കുറിച്ചുള്ള 75 വീഡിയോകൾ, ചിത്രങ്ങൾ, ലഘുവിവരണങ്ങൾ എന്നിവയും കലണ്ടറിലുണ്ട്. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾക്ക് കേരളത്തിലെ ഉത്സവങ്ങൾ മുൻകൂട്ടി പരിചയപ്പെടുത്തുക എന്നതാണ് ഈ ഫെസ്റ്റിവൽ കലണ്ടറിൻറെ ഉദ്ദേശം.

കോവിഡിനു ശേഷമുള്ള ഓരോ വർഷവും കേരള ടൂറിസം ക്രമാനുഗതമായ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ പല പ്രധാന ടൂറിസം വിപണികൾക്കും സ്ഥിരമായ മികവ് പ്രകടിപ്പിക്കാനാകാതെ പോകുമ്പോഴും നൂതനമായ പദ്ധതികളിലൂടെയും ഉൽപന്നങ്ങളിലൂടെയും കേരളത്തിന് തുടർച്ചയായി ശരാശരിക്കു മുകളിൽ വളർച്ച രേഖപ്പെടുത്താൻ സാധിക്കുന്നു. കേരളത്തിലേക്കെത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വർധനവിൽ ഇത് പ്രകടമാണ്.

സഞ്ചാരികളുടെ അഭിരുചി തിരിച്ചറിഞ്ഞ് നവീന ആശയങ്ങൾ രൂപപ്പെടുത്താനുള്ള കേരള ടൂറിസത്തിൻറെ സവിശേഷതയാണ് ഡിജിറ്റൽ ഇവൻറ് കലണ്ടറിൻറെ രൂപകൽപനയിലും പ്രകടമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ കലണ്ടറിലൂടെ സഞ്ചാരികൾക്ക് കേരളത്തിലെ ഉത്സവങ്ങളും പരിപാടികളും മുൻകൂട്ടി അറിയാനും അതനുസരിച്ച് യാത്രാ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കാനുമാകും. ഇതിലൂടെ കൂടുതൽ ആളുകൾ കേരളത്തിലെ ഉത്സവങ്ങളിൽ ഭാഗമാകും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ടൂറിസം ഡെസ്റ്റിനേഷനുകളെ കൂടുതൽ നന്നായി പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ നടക്കുന്ന ഉത്സവ പരിപാടികൾ യാത്രികർക്ക് പെട്ടെന്ന് കണ്ടെത്തുന്നതിനായിട്ടാണ് ടൂറിസം വകുപ്പ് ഡിജിറ്റൽ ഇവൻറ് കലണ്ടർ പുറത്തിറക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി ബിജു കെ. പറഞ്ഞു. ലോകത്ത് എവിടെയുള്ള സഞ്ചാരിക്കും കേരളത്തിലെ ഒരു ഉത്സവം എപ്പോഴാണ് നടക്കുന്നതെന്നും എവിടെയാണെന്നും കണ്ടെത്തി ആ സമയത്ത് ഇവിടെ എത്തിച്ചേരാനുള്ള സൗകര്യം ഇതിലൂടെ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ, ഫോട്ടോ, മറ്റ് വിശദമായ വിവരങ്ങൾ എന്നിവയിലൂടെ ഓരോ ഉത്സവങ്ങളെയും കുറിച്ച് സഞ്ചരികൾക്ക് കൂടുതലായി മനസ്സിലാക്കാൻ സാധിക്കുമെന്ന് സ്വാഗതപ്രസംഗത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.

ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ് പി ചടങ്ങിന് നന്ദി പറഞ്ഞു.

എല്ലാ ജാതി മതസ്ഥരും ഒത്തുചേരുന്ന നിരവധി ഉത്സവങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, ഉറൂസ്, നേർച്ച തുടങ്ങിയവ നടക്കുന്ന സ്ഥലം, തീയതി, പ്രധാന ആചാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ലഘുവിവരണം കലണ്ടറിൻറെ പ്രത്യേകതയാണ്. ഇതിന് പുറമേ പ്രധാന ആഘോഷങ്ങളായ ഓണം, വിഷു, ക്രിസ്മസ്, ബലി പെരുന്നാൾ തുടങ്ങിയവയും കേരളത്തിൻറെ തനത് കലകളായ വള്ളംകളി, പുലികളി, തെയ്യം, തിറ, പടയണി തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. വിനോദ സഞ്ചാര വകുപ്പും സർക്കാരും നേതൃത്വം നൽകുന്ന മറ്റ് ആഘോഷ പരിപാടികളും കലണ്ടറിലുണ്ട്.