Four global programs for adventure lovers

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നാല് ആഗോള പരിപാടികൾ

ഒരു ഡസനോളം പുതിയ സ്ഥലങ്ങൾ കണ്ടെൺത്തി സാഹസിക – ക്യാമ്പിംഗ് വിനോദസഞ്ചാരത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉറച്ച് ടൂറിസം വകുപ്പ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയിൽ കയ്യൊപ്പ് പതിപ്പിക്കാൻ നാല് അന്താരാഷ്ട്ര പരിപാടികളാണ് കേരള ടൂറിസം നടപ്പാക്കുന്നത്.

പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നത്.

സാഹസിക വിനോദസഞ്ചാരം ഇപ്പോൾ വളരെയധികം ശ്രദ്ധയാകർഷിക്കുന്നു. ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുൺണ്ട്. വാട്ടർ സ്പോർട്സ് അഡ്വഞ്ചർ ടൂറിസം പ്രമോട്ടർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികൾ ഉണ്ട്.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ആവേശവും സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കര സ്ഥലമായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുകയുമാണ്.

ഇടുക്കി, വയനാട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കാസർകോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടന്നുവരുന്നത്. വാട്ടർ സ്പോർട്സ്, ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്.

23.5 കോടി രൂപയാണ് കഴിഞ്ഞ വർഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികൾ സൃഷ്ടിക്കാനും സാധിച്ചു.

ക്യാമ്പിംഗ് – സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാന സർക്കാർ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു. 60 പേർ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുൺണ്ട്.

ഈ വർഷത്തെ ആദ്യ പരിപാടിയായ ‘ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് കോമ്പറ്റീഷൻ 2024’ മാർച്ച് 14 മുതൽ 17 വരെ ഇടുക്കിയിലെ വാഗമണിൽ നടന്നു. ഇന്ത്യയിലെ ഏററ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലിൽ ദേശീയ അന്തർദേശീയ തലത്തിൽ തന്നെ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പങ്കെടുത്തു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യു.എസ്, യു.കെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മത്സരാർത്ഥികൾ എത്തിയത്.

മാർച്ച് മാസം വർക്കല ബീച്ചിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിൽ തന്നെ ആദ്യമായാണ് നടന്നത്. ആഗോള തലത്തിൽ തന്നെ വാട്ടർ സ്പോർട്സ് ഹബ്ബാകാൻ മികച്ച സാധ്യതയുള്ള കേരളം രാജ്യത്തെ പ്രധാന സർഫിംഗ് കേന്ദ്രമായി വളർന്ന് വരുന്നു.

‘ഇൻറർനാഷണൽ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്’ (എംടിബി കേരള- 2024) ഏഴാമത് എഡിഷൻ ഏപ്രിലിൽ വയനാട് മാനന്തവാടി പ്രിയദർശിനി ടീ പ്ലാൻറേഷനിൽ നടന്നു. 25 രാജ്യങ്ങളിൽ നിന്നുള്ള സൈക്ലിസ്റ്റുകൾ ക്രോസ് കൺട്രി മത്സരത്തിൽ പങ്കെടുത്തു.

മലബാർ റിവർ ഫെസ്റ്റിവൽ കോഴിക്കോട് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം ചാലിയാർ നദിയിലാണ് നടന്നത്.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

സംഘാടന മികവും സന്ദർശകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മലബാർ റിവർ ഫെസ്റ്റിവലിൻറെ പത്താം പതിപ്പ് ജൂലൈ 25 മുതൽ 28 വരെ നടക്കും.