കേരളം ഈ വർഷം മൂന്ന് അന്താരാഷ്ട്ര സാഹസിക വിനോദചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കും
പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടെയ്ൻ സൈക്ലിംഗ് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വാഗമണും വർക്കലയും മാനന്തവാടിയും വേദികളാകും
സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വർഷം മൂന്ന് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ ടൂറിസം വകുപ്പ് സംഘടിപ്പിക്കും. സംസ്ഥാനത്ത് നടക്കുന്ന സാഹസിക വിനോദസഞ്ചാര മത്സരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള കലണ്ടറിന് അനുസൃതമായിട്ടാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുക.
ഈ വർഷത്തെ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തേതായ ഇൻറർനാഷണൽ സർഫിങ് ഫെസ്റ്റിവൽ ഫെബ്രുവരി 27,28, മാർച്ച് 1 തീയതികളിൽ വർക്കലയിൽ നടക്കും. രണ്ടാമത് ഇൻറർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന് മാർച്ച് 19 മുതൽ 23 വരെ വാഗമൺ വേദിയാകും. മൗണ്ടെയ്ൻ സൈക്ലിങ് മത്സരത്തിൻറെ ആഗോള ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുത്ത ഇൻറർനാഷണൽ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൻറെ (എംടിബി കേരള-2025) എട്ടാം പതിപ്പ് ഈ വർഷം മാർച്ച് 28 മുതൽ 30 വരെ വയനാട് മാനന്തവാടിയിലെ പ്രിയദർശിനി ടീ പ്ലാൻറേഷനിൽ നടത്തും.
പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടെയ്ൻ സൈക്ലിങ് എന്നീ സാഹസിക വിനോദങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ അഡ്വഞ്ചർ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ എത്തിക്കാൻ സാധിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് സർഫിങ് ചാമ്പ്യൻഷിപ്പിൻറെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റവെലായ പാരാഗ്ലൈഡിങ് ഫെസ്റ്റിവെൽ വാഗമണിൻറെ സാഹസിക വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരും. ലോകമെമ്പാടുമുള്ള സൈക്ലിങ് പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കാൻ എംടിബിയുടെ കഴിഞ്ഞ എഡിഷനുകൾക്ക് സാധിച്ചു. ഇത്തവണ ആഗോള തലത്തിൽ കൂടുതൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ ഈ ചാമ്പ്യൻഷിപ്പിനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025 കലണ്ടർ വർഷത്തെ ആദ്യത്തെ ദേശീയ സർഫിങ് ചാമ്പ്യൻഷിപ്പ് ആണ് വർക്കലയിൽ നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സർഫിങ് അത്ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും. എസ് യുപി ടെക്നിക്കൽ റേസ്, പാഡിൽബോർഡ് ടെക്നിക്കൽ റേസ്, എസ് യുപി സർഫിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച് സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിങ് അസോസിയേഷൻ എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാട്ടർ സ്പോർട്സ് പ്രേമികൾക്ക് സർഫിങ് കായിക വിനോദം അടുത്ത് പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരം ഈ ഫെസ്റ്റിവൽ നൽകും. വർക്കലയെ അന്തർദേശീയ സർഫിങ് ഡെസ്റ്റിനേഷനാക്കി മാറ്റാനും ചാമ്പ്യൻഷിപ്പിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. സർഫിങ്ങിൽ തുടക്കക്കാർക്കും വിദഗ്ധർക്കും പരിശീലിക്കുന്നതിനുള്ള സൗകര്യം വർക്കല ബീച്ചിലുണ്ട്. നിരവധി വിദേശ, ഇതര സംസ്ഥാന വിനോദ സഞ്ചാരികൾ വർക്കലയിൽ സർഫിങ് ചെയ്യാൻ എത്തിച്ചേരുന്നു.
വാഗമണിലെ ഇൻറർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിൽ ലോകപ്രശസ്ത റൈഡർമാരും അന്താരാഷ്ട്ര ചാമ്പ്യൻമാരും ഭാഗമാകും. 75 മത്സരാർത്ഥികൾക്കായി നിജപ്പെടുത്തിയ മത്സരത്തിൽ 40ൽപരം വിദേശ ഗ്ലൈഡർമാർ മത്സരിക്കും. 25-ലധികം രാജ്യങ്ങൾ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസ്, ജർമനി, ഇറ്റലി, ന്യൂസിലാൻറ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ, ബെൽജിയം, സ്പെയിൻ, സ്വിറ്റ്സർലാൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ് ലാൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം ഫെസ്റ്റിവെലിൽ ഉണ്ടാകും.
വാഗമൺ ഇൻറർനാഷണൽ അക്യുറസി കപ്പ് 2025 പാരാഗ്ലൈഡിങ്ങിലെ മികച്ച ലാൻഡിങ് കൃത്യത പ്രദർശിപ്പിക്കുകയും സാഹസിക വിനോദസഞ്ചാരത്തിൽ കേരളത്തെ മുൻനിരയിലേക്ക് ഉയർത്തുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇവൻറാണ്. ഇതിൽ ലോകമെമ്പാടുമുള്ള പാരാഗ്ലൈഡിങ് പൈലറ്റുമാരെ അവതരിപ്പിക്കും. ഈ മത്സരം അന്താരാഷ്ട്ര പങ്കാളികളെയും കാണികളെയും ആകർഷിക്കും. സംസ്ഥാനത്തിൻറെ ടൂറിസം വ്യവസായത്തിലേക്ക് ശ്രദ്ധയും നിക്ഷേപവും ഇത് സാധ്യമാക്കും.
കെഎടിപിഎസും ഇടുക്കി ഡിടിപിസിയും സംയുക്തമായി ഫെഡറേഷൻ എയറോനോട്ടിക് ഇൻറർനാഷണൽ, എയ്റോ ക്ലബ് ഓഫ് ഇന്ത്യ, ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിങ് സ്കൂൾ ഇന്ത്യ എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.
25 രാജ്യങ്ങളിൽ നിന്നുള്ള സൈക്ലിസ്റ്റുകളെയാണ് എംടിബി കേരള-2025 ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സൈക്ലിസ്റ്റുകളുടെ അമേച്വർ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിലെ വിജയികളെ എംടിബി കേരള അന്താരാഷ്ട്ര മത്സരത്തിൽ വിദേശ താരങ്ങളോടൊപ്പം മത്സരിപ്പിക്കും. മത്സരം നടക്കുന്ന അഞ്ച് കിലോമീറ്റർ നീളത്തിലുള്ള ട്രാക്ക് 3000 അടി ഉയരത്തിലാണ്. ചെളിയും പാറയും വെള്ളവും പോലെയുള്ള ഭൂപ്രദേശങ്ങളെ ഉൾക്കൊള്ളുന്ന ക്രോസ് കൺട്രി മത്സരവിഭാഗം ചാമ്പ്യൻഷിപ്പിലെ പ്രധാന ആകർഷണമാണ്.
സ്വിറ്റ്സർലാൻറ് ആസ്ഥാനമായ സ്പോർട്സ് സൈക്ലിങ്ങിൻറെ ഭരണസമിതിയായ യൂണിയൻ സൈക്ലിസ്റ്റ് ഇൻറർനാഷണലിൻറെ എംടിബി ചാമ്പ്യൻഷിപ്പ് കലണ്ടറിൽ എംടിബി കേരള ഉൾപ്പെടുത്തിയിട്ടുണ്ട്. കെഎടിപിഎസ്, വയനാട് ഡിടിപിസി, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാഹസിക വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ പരിശീലനം നൽകും
കേരളത്തിൽ വലിയ സാധ്യതയയുള്ള സാഹസിക വിനോദസഞ്ചാര മേഖലയിൽ ചെറുപ്പക്കാർക്ക് തൊഴിൽ നേടാനുതകുന്ന പരിശീലന പദ്ധതി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കും. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) കെഎടിപിഎസും ചേർന്നാണ് പരിശീലനം ഒരുക്കുന്നത്.
സാഹസിക വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ജീവനക്കാരെ ഒരുക്കുന്നതിനാണ് പരിശീലന പരിപാടി തുടങ്ങുന്നത്. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റൻറ്, അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ, നേച്വർ ഇൻറർപ്രട്ടർ എന്നീ ചുമതലകളിലേക്കാണ് പരിശീലനം നൽകുക. അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റൻറുമാരുടെ 25 പേരടങ്ങുന്ന ആദ്യ ബാച്ചിൻറെ പരിശീലനം ഈ മാസം തെൻമലയിൽ തുടങ്ങും. തുടർന്ന് വയനാട്ടിലും ഇടുക്കിയിലും ഇത്തരം പരിശീലനങ്ങൾ നടക്കും. പരിശീലനത്തിനുള്ള അപേക്ഷാ ഫോറം കിറ്റ്സിൻറെയും കെഎടിപിഎസിൻറെയും വെബ്സൈറ്റിൽ ലഭ്യമാണ്.
ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനുള്ള സൗജന്യ പരിശീലന പരിപാടികളും കിറ്റ്സ് നടത്തും. ഇത് തിരുവനന്തപുരം, ബേപ്പൂർ, കൽപ്പറ്റ, തലശ്ശേരി, മയ്യിൽ, മലയാറ്റൂർ എന്നിവിടങ്ങളിൽ നടക്കും. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, മൾട്ടി ക്യുസിൻ കുക്ക് എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടൻ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അംഗീകൃത സൗജന്യ ഹോസ്പിറ്റാലിറ്റി കോഴ്സാണ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്. കിറ്റ്സിൽ ആരംഭിക്കുന്ന ഈ കോഴ്സ് പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ അവസരമൊരുക്കും.
ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സിന് 12-ാം ക്ലാസ് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.kittsedu.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ബയോഡാറ്റ ഉൾപ്പെടെ ഡയറക്ടർ, കിറ്റ്സ്, റെസിഡൻസി കോമ്പൗണ്ട്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.