കേരളത്തിൻറെ കാരവാൻ ടൂറിസം പദ്ധതിയായ ‘കേരവാൻ കേരള’ ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ് . കാരവാൻ ടൂറിസത്തിൻറെ വാണിജ്യപങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നടപ്പു സാമ്പത്തികവർഷം കാരവാൻ ടൂറിസത്തിന് സബ്സിഡികൾ നൽകാനായി 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാരവാൻ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറിലേർപ്പെട്ട 13 സംരംഭകർക്ക് 7.5 ലക്ഷം രൂപ വച്ച് 97.5 ലക്ഷം രൂപ സബ്സിഡി നിലവിൽ നൽകിയിട്ടുണ്ട്. ടൂറിസം വകുപ്പുമായി കരാറിലേർപ്പെട്ട കാരവാനുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകി.
സംസ്ഥാനത്തിൻറെ ദ്രുതഗതിയിലുള്ള ടൂറിസം വളർച്ചയ്ക്ക് കാരവാൻ ടൂറിസം സുപ്രധാനപങ്കാണ് വഹിക്കുന്നതെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വാണിജ്യപങ്കാളികൾ, സർക്കാർ വകുപ്പുകൾ, വിദഗ്ധർ തുടങ്ങി നിരവധി പേരുമായി കൂടിയാലോചന നടത്തിയതിനു ശേഷമാണ് കാരവാൻ ടൂറിസം നയം രൂപീകരിച്ചത്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏറ്റവും പറ്റിയ ടൂറിസം ഉത്പന്നമാണിത്.
കാരവാൻ ഓപ്പറേറ്റർമാർക്കും, പാർക്ക് ഉടമകൾക്കും വലിയ ഇൻസൻറീവുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ വിപുലമായ പദ്ധതിയെ ഇകഴ്ത്തിക്കാണിക്കുന്നത് ശരിയല്ല.
പദ്ധതി പ്രഖ്യാപിച്ച അന്നു മുതൽ തന്നെ വിവിധ ടൂറിസം വാണിജ്യ പങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് കാരവാനിന് ലഭിക്കുന്നത്. ഇവരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും സുസ്ഥിരമായ വളർച്ചയ്ക്കും എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടുള്ള പുരോഗതിയ്ക്കും സഹായകരമായിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി പറഞ്ഞു.
കാരവാൻ ടൂറിസം പങ്കാളികളുമായി ആശയവിനിമയം ഇപ്പോഴും സജീവമാണ്. ഔദ്യോഗിക സ്വഭാവമില്ലാതെ തന്നെ അവർക്ക് ടൂറിസം അധികൃതരുമായി കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണെന്നും കെ ബിജു കൂട്ടിച്ചേർത്തു.
മലമ്പുഴയിൽ നിർമ്മാണമാരംഭിച്ച കവാ എക്കോ ക്യാമ്പ് എന്ന കാരവാൻ പാർക്കിന് മലമ്പുഴ ഗ്രാമപഞ്ചായത്തും ജലസേചന വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഏകജാലക ബോർഡ് പദ്ധതി പുനരാരംഭിക്കാൻ അനുമതി നൽകി. അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാസർകോഡ് ബേക്കൽ, കൊച്ചി ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ കാരവാൻ പാർക്ക് അനുവദിക്കുന്നതിനായി കെടിഡിസി നൽകിയ ശുപാർശയ്ക്ക് അംഗീകാരം നൽകി. അവിടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കുമരകം, തേക്കടി, മൂന്നാർ,വയനാട് എന്നിവിടങ്ങളിൽ പാർക്കിംഗ് സംവിധാനം ആരംഭിക്കും.
ടൂർ ഫെഡിൻറെ സഹായത്തോടെ കാരവാൻ ടൂർപാക്കേജുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടിപ്രൊപ്പോസർ സമർപ്പിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ സ്വകാര്യ കാരവാൻ പാർക്ക് വാഗമണിൽ പ്രവർത്തിച്ചു വരുന്നു.
കേരളത്തിന് ലഭിച്ച മികച്ച ആശയമാണ് കാരവാൻ ടൂറിസം. സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാനുഭവം ഇത് സഞ്ചാരികൾക്ക് നൽകും. ഇനിയും പ്രചാരത്തിൽ വരാത്ത മികച്ച പ്രദേശങ്ങൾ മുതൽ പ്രധാന ടൂറിസം കേന്ദ്രങ്ങളടക്കം സഞ്ചാരികൾക്ക് ഇതിലൂടെ ആസ്വദിക്കാനാകും.
കാരവാൻ ടൂറിസം പ്രഖ്യാപിച്ച ശേഷം നടത്തിയ ചർച്ചയിൽ സുതാര്യമായ അഭിപ്രായപ്രകടനമാണ് വാണിജ്യപങ്കാളികൾ നടത്തിയത്. അവരുയർത്തിയ പ്രശ്നങ്ങളിൽ സജീവപരിഗണന നൽകുകയും ചെയ്തു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ കാരവാൻ ടൂറിസത്തെ അടുത്ത തലത്തിൽ എത്തിക്കുന്നതിന് വേണ്ടി ഹോട്ടലുകൾ കേന്ദ്രീകരിച്ച് കാരവാൻ സഫാരിയെന്ന ഹൈബ്രിഡ് മാതൃകയും ആലോചിക്കുന്നുണ്ട്.
പൊതു-സ്വകാര്യപങ്കാളിത്തം, ഹോട്ടലുകൾ റിസോർട്ട് എന്നിവയുമായി ചേർന്ന് പാർക്കിംഗ് സ്ഥലം, കെടിഡിസിയുടെ സ്ഥലം ഉപയോഗപ്പെടുത്തൽ, വിവിധ വകുപ്പുകളുടെ ഏകോപനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സാഹസിക ടൂറിസത്തെ കാരവാൻ ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങിയവ വാണിജ്യപങ്കാളികളുമായി നടത്തിയ ചർച്ചയുടെ ഫലങ്ങളാണ്.