ICRT India Gold Award for Responsible Tourism Mission

ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ ഈ വർഷത്തെ ഗോൾഡ് പുരസ്കാരം കേരള ടൂറിസത്തിൻറെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആർടി മിഷൻ) ലഭിച്ചു. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം.

നവംബറിൽ ലണ്ടനിൽ നടക്കുന്ന ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്കാരത്തിന് മത്സരിക്കാനുള്ള അർഹതയും ഈ നേട്ടത്തിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാർഷിക ടൂറിസം പ്രവർത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകൾക്കായി ഒരുക്കുന്ന എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോജക്റ്റ്, പരമ്പരാഗത തൊഴിൽ , കലാപ്രവർത്തനങ്ങൾ, രുചി വൈവിധ്യങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവ പ്രമേയമാക്കുന്ന എക് സ്പീരിയൻഷ്യൽ ടൂറിസം പാക്കേജുകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഒരുക്കൽ, തദ്ദേശീയ ജനസമൂഹത്തിനായുള്ള പരിശീലന പരിപാടികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.

ബിഎൽടിഎം സംഗമത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ലീലാ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ യുനെസ്കോ ഫോർ ഇന്ത്യ, നേപ്പാൾ, മാൽദീവ്സ്, ഭൂട്ടാൻ ആൻറ് ബംഗ്ലാദേശ് നാഷണൽ പ്രോഗ്രാം ഓഫീസർ (കൾച്ചറൽ) അൻകുഷ് സേട്ടിൽ നിന്നും സംസ്ഥാന ആർടി മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.

സ്ത്രീകളുടെ ചെറുകിട സംരംഭങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുകയും ടൂറിസം മേഖലയിൽ പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനം സുഗമമാക്കുകയും ചെയ്യുന്ന വിവിധ സംരംഭങ്ങൾ പരിഗണിച്ചാണ് സംസ്ഥാന ആർടി മിഷന് ഈ ബഹുമതി ലഭിച്ചത്. സ്ത്രീശാക്തീകരണവും പ്രാദേശിക സമൂഹത്തിൻറെയും പ്രാദേശിക ഉത്പന്നങ്ങളുടെയും സാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ട് ആർടി മിഷൻ ധാരാളം പദ്ധതികൾ നടപ്പിലാക്കും.

പ്രാദേശിക സമൂഹത്തിൻറെ, പ്രത്യേകിച്ച് സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന നൂതന സംരംഭങ്ങൾ നടപ്പിലാക്കാൻ ഇതുപോലുള്ള പുരസ്കാരങ്ങൾ പ്രോത്സാഹനമാകും.

ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്ര സർക്കാരിൻറെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത് അടുത്തിടെയാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്കാരം നല്കിയത്.

ഗ്രാമീണ പ്രാദേശിക സാമൂഹിക വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതിനൊപ്പം ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വികസനവും ഉത്തരവാദിത്ത ടൂറിസം മിഷൻറെ ലക്ഷ്യങ്ങളാണ്. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും പാർശ്വവല്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, മികച്ച സാമൂഹ്യ-പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.