The sections of NH 66 where the work is completed will be opened soon

നാഷണൽ ഹൈവേ – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്ന് നൽകും. ദേശീയ പാത വികസനം മുഴുവൻ കഴിയാൻ കാത്ത് നിൽക്കാതെ, പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് പെട്ടെന്ന് തന്നെ സമർപ്പിക്കും. മുന്നോടിയായി കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളികളെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തി.

തൃശൂർ ജില്ലയിൽ മാത്രം 205 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിൽ മാത്രമായി 1274 കോടി 34 ലക്ഷം രൂപയാണ് വികസനത്തിനായി ചെലവഴിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹോദരതുല്യ സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പാത കടന്നു പോകുന്ന ഓരോ മണ്ഡലത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനങ്ങളായി എം എൽ എ മാരുടെ നേതൃത്വത്തിൽ കൈപ്പറ്റി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ പരിശോധിച്ചാണ് സർക്കാർ പ്രവർത്തനം.

മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച് കർണ്ണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്നാട്ടിലേക്കാണ് എൻ എച്ച് 66 എത്തിചേരുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരിയായി സജ്ജമാവുന്ന പാത 2025 ഓടെ പൂർത്തിയാവും.