കുമരകത്ത് നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഉപയോഗിക്കേണ്ട റോഡുകൾ ആധുനിക നിലവാരത്തിൽ പൂർത്തികരിച്ചു.
കോട്ടയം ജില്ലയിലെ പ്രധാന പ്രശ്നമായിരുന്നു വൈക്കം – വെച്ചൂർ റോഡിൻറേത്. കിഫ്ബിയിൽ നിന്ന് 93.73 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ ഈ റോഡ് നവീകരിക്കുന്നതിൻറെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ റോഡിൻറെ അവസ്ഥ ശോചനീയമായതിനാൽ ജനങ്ങൾ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. അടിയന്തിരപ്രാധാന്യത്തോടെ റോഡിൻറെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കണമെന്ന് നിശ്ചയിച്ചിരുന്നു. പ്രവൃത്തി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
ടൂറിസത്തിന് കൂടി പ്രാധാന്യമുള്ള തണ്ണീർ മുക്കം ബണ്ട് റോഡും മോശമായ അവസ്ഥയിലായിരുന്നു. റോഡിലെ കുഴികൾ താൽക്കാലികമായി അടയ്ക്കുകയാണ് ചെയ്തുവന്നിരുന്നത്. ഇപ്പോൾ തണ്ണീർമുക്കം ബണ്ട് റോഡ് ബിഎം ബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
പന്ത്രണ്ട് വർഷത്തോളമായി പ്രധാന പ്രവൃത്തികളൊന്നും നടക്കാതിരുന്ന കല്ലറ – വെച്ചൂർ റോഡ് നവീകരിക്കണമെന്നത് ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. മൂന്ന് കോടി രൂപ ഇതിനായി വകയിരുത്തി. നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി ഇപ്പോൾ ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചിട്ടുണ്ട്.
ജി20 ഉച്ചകോടിയുടെ ഭാഗമായി ഉപയോഗിക്കേണ്ടിവരുന്ന പാരലൽ റോഡ് ടു എം സി റോഡ് & റിവർ ബാങ്ക് റോഡ് എന്നിവയുടെ പ്രവൃത്തിയും പൂർത്തിയാക്കിയിരിക്കുകയാണ്. അതുപോലെ ജില്ലയിലെ പ്രധാന റോഡായ ചിത്രശാല അമ്മങ്കരി നസ്രത് റോഡും ആധുനിക നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.