Car and Country: Quest' series introduces Kerala to a global audience

ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ കേരളത്തെ അവതരിപ്പിച്ച് ‘കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ്’ സീരിസ്

മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ട്രെയ്‌ലര്‍ പുറത്തിറക്കി
കേരള ടൂറിസം പ്രമുഖ ബ്രിട്ടീഷ് സ്റ്റുഡിയോയും സംവിധായകന്‍ ഷാര്‍ലറ്റ് ഫാന്‍റല്ലിയുമായി കൈകോര്‍ക്കുന്നു

ആഗോള ടൂറിസം ഡെസ്റ്റിനേഷനെന്ന കേരളത്തിന്‍റെ ഖ്യാതിക്ക് പ്രചോദനമേകി സംസ്ഥാനത്തിന്‍റെ പ്രകൃതിസൗന്ദര്യവും കാഴ്ചാനുഭവങ്ങളും ആവിഷ്കരിച്ച് ജനപ്രിയ ടെലിവിഷന്‍ സീരീസ് ‘കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ്.

കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെ യുകെയിലെ സെര്‍ച്ച്ലൈറ്റ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സീരീസിന്‍റെ ട്രെയ്‌ലര്‍ വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. 10 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍.

‘കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ്’ നിലവില്‍ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ആപ്പിള്‍ ടിവി സ്ട്രീം ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ ആപ്പിള്‍ ടിവി ഇത് സ്ട്രീം ചെയ്യും. തുടര്‍ന്ന് വ്യത്യസ്ത പ്രക്ഷേപണ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കും.

സാഹസികത, സംസ്കാരം, ഓട്ടോമോട്ടീവ് എന്നിവയുടെ മിശ്രണമാണ് ‘കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ്’ സീരീസ്. ആഡംബര ഫെരാരി കാറുകളിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലുമായി കേരളത്തിലൂടെയും ഇറ്റലിയിലൂടെയുമുള്ള സഞ്ചാരമാണ് സീരീസിലുള്ളത്.

കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ് ടെലിവിഷന്‍ സീരീസിനായി യൂറോപ്പിനു പുറത്ത് തെരഞ്ഞെടുക്കുന്ന സ്ഥലം കേരളമാണെന്നത് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ വിനോദ സഞ്ചാരികളുടെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നതിനായി നൂതന മാര്‍ക്കറ്റിംഗ് കാമ്പയിനുകളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത്. അടുത്തിടെ നടപ്പാക്കിയ ലുക്ക് ഈസ്റ്റ് പോളിസി ഇതിന്‍റെ ഭാഗമാണ്. ആപ്പിള്‍ ടിവിയുടെ കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ് ടെലിവിഷന്‍ സീരീസുമായി സഹകരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. കേരളത്തിന്‍റെ ടൂറിസം ആകര്‍ഷണങ്ങളും സംസ്കാരവും പരിചയപ്പെടാന്‍ സീരീസ് പ്രചോദനമായേക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യത്തിനൊപ്പം സമ്പന്നമായ സംസ്കാരവും ജീവിതവും അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഈ ടെലിവിഷന്‍ സീരീസെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

ലോകത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്‍റെ പെരുമയ്ക്ക് കൂടുതല്‍ ആഗോള അംഗീകാരം നല്‍കുന്നതാണ് ഈ ടെലിവിഷന്‍ സീരീസെന്ന് സെര്‍ച്ച്ലൈറ്റ് പ്രൊഡക്ഷന്‍സിലെ ജോസഫ് തോമസ് പൊട്ടംകുളം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

റേസിംഗ് ഡ്രൈവറും ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ജെയിംസ് ഹണ്ടിന്‍റെ മകനുമായ ഫ്രെഡി ഹണ്ട്, റേസര്‍ ആഷിഖ് താഹിര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് ജേതാവായ ഷാര്‍ലറ്റ് ഫാന്‍റല്ലി സംവിധാനം ചെയ്ത് ബ്രാന്‍ഡഡ് സ്റ്റുഡിയോസ് നിര്‍മ്മിച്ച സീരീസിന് ആറ് ഭാഗങ്ങളാണുള്ളത്. ഓരോ എപ്പിസോഡും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രകളിലൂടെയും വിവരണങ്ങളിലൂടെയുമാണ് സീരീസ് മുന്നോട്ടുപോകുന്നത്. ഫ്രെഡി ഹണ്ട്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കി ലൗഡയുടെ മകന്‍ മാറ്റിയാസ് ലൗഡ, ദീപക് നരേന്ദ്രന്‍, ആഷിഖ് താഹിര്‍ എന്നിവരാണ് യാത്രികര്‍.

പ്രശസ്ത ഓട്ടോ ബ്രാന്‍ഡായ ഫെരാരിയുമായി ചേര്‍ന്ന് കേരളത്തിന്‍റെ വിനോദസഞ്ചാര ആകര്‍ഷണങ്ങളെ ഉയര്‍ത്തിക്കാട്ടാനും കേരള ടൂറിസത്തിന്‍റെ വിദേശ വിപണികളില്‍ തരംഗം സൃഷ്ടിക്കാനും സീരിസിലൂടെ സാധിക്കും. അന്താരാഷ്ട്ര പ്ലാറ്റ് ഫോമുകളുമായും ആഡംബര ബ്രാന്‍ഡുകളുമായുമുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തില്‍ സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത്.

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകവും ആകര്‍ഷകമായ പ്രകൃതി സൗന്ദര്യവും സീരിസിലെ എപ്പിസോഡുകളില്‍ കടന്നുവരും. കായലും കടല്‍തീരങ്ങളും വയലുകളും തേയിലത്തോട്ടങ്ങളും ഉള്‍ക്കൊള്ളുന്ന തനത് കേരളീയ പ്രകൃതിയിലേക്ക് യാത്രികര്‍ കടന്നുചെല്ലും. കളരിപ്പയറ്റ്, കഥകളി, തെയ്യം ഉള്‍പ്പെടെയുള്ള കലകളും വള്ളംകളി പോലുള്ള സംസ്കാരിക പരിപാടികളും സീരീസിന്‍റെ ഭാഗമാകും. പ്രാദേശിക സംസ്കാരം പരിചയപ്പെടുത്തുന്നതിനൊപ്പം തനത് കേരളീയ ഭക്ഷ്യവിഭവങ്ങളും യാത്രികര്‍ ആസ്വദിക്കും.

യാത്ര, സംസ്കാരം, ഓട്ടോമോട്ടീവ് എന്നിവ സംയോജിപ്പിക്കുന്ന ഈ പരമ്പര മലയാളിയായ ദീപക് നരേന്ദ്രന്‍റെ ആശയമാണ്. ആഷിക് താഹിര്‍, ലണ്ടനിലെ പ്രൊഡക്ഷന്‍ ടീം എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ദീപക് ഇത് സാധ്യമാക്കിയത്.

സീരീസിലെ ഇറ്റലി എപ്പിസോഡ് മധ്യകാല പട്ടണങ്ങളിലൂടെയും സുപ്രധാന റോഡുകളിലൂടെയും സഞ്ചരിക്കുന്നു. തീരദേശ റൈഡുകള്‍, ഫെരാരിയുടെ മാരനെല്ലോ ആസ്ഥാനത്തേക്കുള്ള സന്ദര്‍ശനം എന്നിവയും ഇതിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഫെരാരിയുടെ ഡിസൈന്‍ സെന്‍ററിലേക്കും മ്യൂസിയത്തിലേക്കും പ്രവേശിക്കുന്ന ഇവര്‍ ഫെരാരി സിമുലേറ്ററില്‍ സൗഹൃദ മത്സരത്തിലും ഏര്‍പ്പെടുന്നു.

ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ കേരളത്തെ അവതരിപ്പിച്ച് ‘കാര്‍ ആന്‍ഡ് കണ്‍ട്രി: ക്വസ്റ്റ്’ സീരിസ്