Construction of the bridge begins

തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമാണം ആരംഭിക്കുന്നു.

കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം കിഫ്ബി യിൽനിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും. എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതിലൂടെ രണ്ട് സംസ്കാരങ്ങളും രണ്ട് നാടും ഒന്നായിതീരുകയും ഇരുകരകളുടെയും വികസന കുതിപ്പിന് ഏറെ സാധ്യതയുള്ളതുമായ അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണം ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമാണ്.
……….

അഴീക്കോട് മുനമ്പം പാലത്തിന്റെ പ്രധാന നാൾവഴികൾ

2004: അഴീക്കോട് മുനമ്പം പാലം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. ഇനീഷ്യൽ ബജറ്റ് വിഹിതംകൊണ്ട് പ്രാരംഭ സർവ്വെ നടക്കുന്നു.

2011 മാർച്ച് 10: സർക്കാർ ബജറ്റിൽ പാലത്തിന് വിഹിതവും അനുമതിയും നൽകി

2011-2016: പാലത്തിന് പ്രീഡിസൈൻ തയ്യാറാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനങ്ങൾ നടന്നില്ല

2016 ഡിസംബർ 29 : സർക്കാർ പദ്ധതിയെ കിഫ് ബിയിൽ ഉൾപ്പെടുത്തി

2017 ഫെബ്രുവരി എട്ട് : ബഡ്ജറ്റിൽ 160 കോടി രൂപ അനുവദിച്ചു.

2017 ജൂലൈ 10: GO (Rt) 942/2017/PWD ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു.

2018 ഫെബ്രുവരി 28 : ഭൂമി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചു.

2019 ജനുവരി ഏഴ്: സ്ഥലം ഏറ്റെടുക്കുന്നതിന് 14.6 കോടി കിഫ് ബി അനുവദിച്ചു. മുനമ്പം ഭാഗത്ത് 51.86 സെന്റും അഴീക്കോട് ഭാഗത്ത് 49:13 സെന്റും എറ്റെടുത്തു.

2019 മാർച്ച് നാല് :സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാത പഠനറിപ്പോർട്ട് സമർപ്പിച്ചു.

2019 നവംബർ രണ്ട് : ഫിഷറീസ് വകുപ്പ് പാലം നിർമ്മാണത്തിന് എൻ ഒ സി നൽകി.

2019 ഡിസംബർ 10: 15.70 മീറ്റർ വീതിയും 1123.35 മീറ്റർ നീളമുള്ള പാലത്തിന്റെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് കെ ആർ എഫ് ബി(കേരള റോഡ് ഫണ്ട് ബോർഡ്)
സമർപ്പിക്കുന്നു.

2020 ഒക്ടോബർ 30: കിഫ്ബിയിൽ നിന്ന് 154.626 കോടി സാമ്പത്തികാനുമതി ലഭിക്കുന്നു.

2022 ഏപ്രിൽ മാസം: ടെൻഡർ നടപടികൾ ആരംഭിച്ചു. രണ്ടാം ടെൻഡർ നടപടിയിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 12.2% തുക അധികം കോട്ട് ചെയ്ത് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് 2023 മെയ് 20ന് മന്ത്രിസഭായോഗം അനുമതി നൽകി.

2023 മെയ് 31: തീരദേശ അതോറിറ്റിയുടെ അനുമതി ലഭിച്ചു.