രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം തന്നെ അമ്പത്തിയൊന്നാമത്തെ പാലവും നാടിന് സമർപ്പിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, കാട്ടാക്കട നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച കുലശേഖരം പാലമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
കരമനയാറിന് കുറുകെ വട്ടിയൂർക്കാവ്, കാട്ടാക്കട നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പണിയുന്ന പാലമാണിത്. വട്ടിയൂർക്കാവ്, പേയാട് പ്രദേശങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന കുലശേഖരം പാലം തിരുവനന്തപുരം നഗരത്തിൻറെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 2019 ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും കോവിഡ് മാഹാമാരിയും കാലാവസ്ഥ വ്യതിയാനങ്ങളും കാരണം നിർമ്മാണത്തിൽ വേണ്ടത്ര വേഗതയുണ്ടായില്ല.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പ്രവൃത്തി പുനരാരംഭിച്ചു. 2021 ജൂണിൽ കുലശേഖരം പാലം നിർമ്മാണ പ്രവൃത്തികൽ നേരിട്ട്സന്ദർശിച്ചു വിലയിരുത്തി. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് പ്രവൃത്തി വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റിവ്യൂ യോഗങ്ങളും നടത്തി.
പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ കാട്ടാക്കട ഭാഗത്ത് നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പേരൂർക്കട, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്നും പേയാട് കാട്ടാക്കട ഭാഗങ്ങളിലേക്കുള്ള യാത്ര ദൂരം പത്ത് കിലോമീറ്റർ കുറയ്ക്കുവാനും സാധിക്കുന്നതാണ്.