സ്കൂൾ കലോത്സവത്തിന് ടൂറിസം വകുപ്പിൻറെ സമ്മാനം; കനകക്കുന്നിലെ ദീപാലങ്കാരം ജനുവരി 8 വരെ നീട്ടി
‘വസന്തോത്സവം’ പുഷ്പമേളയ്ക്ക് സമാപനം
ക്രിസ്മസ്-പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച ‘വസന്തോത്സവ’ത്തിൻറെ ഭാഗമായുള്ള ദീപാലങ്കാരം ജനുവരി 8 വരെ നീട്ടാൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശം നൽകി. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ പശ്ചാത്തലത്തിലാണ് ലൈറ്റ് ഷോ നീട്ടാനുള്ള നിർദേശം.
ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. ഈ ദിവസങ്ങളിൽ കലോത്സവത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാന നഗരത്തിലെത്തുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പേർക്ക് ദീപാലങ്കാരം പ്രധാന ആകർഷണമാകും.
ക്രിസ്മസ് ദിനത്തിലാണ് പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയൊരുക്കി ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി’ എന്ന ആശയത്തിൽ സംഘടിപ്പിച്ച വസന്തോത്സവത്തിന് തുടക്കമായത്. പുഷ്പമേളയ്ക്ക് ജനുവരി 3 നു സമാപനമായി.
ദീപാലങ്കാരത്തിൻറെ ഭാഗമായി കനകക്കുന്നിലെ പ്രവേശന കവാടത്തിൽ 2025 നെ വരവേറ്റുകൊണ്ടുള്ള ആകർഷകമായ അലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിൻറെ ഭാഗമാണ്. പടുകൂറ്റൻ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓർമിപ്പിക്കും വിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ദിനോസർ, ലൈറ്റുകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ എന്നിവയുമുണ്ട്.
വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വസന്തോത്സവം 10 ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം പേരാണ് സന്ദർശിച്ചത്. ക്രിസ്മസ്-പുതുവർഷ അവധി ദിവസങ്ങളിൽ തിരുവനന്തപുരം നഗരവാസികളുടെ പ്രധാന ആകർഷണമായി കനകക്കുന്നിലെ പുഷ്പമേളയും ന്യൂ ഇയർ ലൈറ്റ് ഷോയും മാറി. തലസ്ഥാനത്ത് അവധിക്കാലം ചെലവിടാനെത്തിയ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെയും വസന്തോത്സവം ആകർഷിച്ചു. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് വസന്തോത്സവം സംഘടിപ്പിച്ചത്.