സിനിമാ ടൂറിസത്തിന് തുടക്കമാകുന്നു; കിരീടം പാലം പദ്ധതിക്ക് 1.22 കോടിയുടെ ഭരണാനുമതി
സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിൻറെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1,22,50,000 രൂപയുടെ ഭരണാനുമതി നൽകി. സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകർഷകമായ ടൂറിസം ഉത്പന്നമാക്കി മാറ്റുന്ന ‘സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം.
1989 ൽ പുറത്തിറങ്ങിയ കിരീടം സിനിമയിൽ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ അതിപ്രശസ്തമായതോടെ ഈ പാലവും പ്രശസ്തി നേടി. ഈ സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടാകുമ്പോഴും നിരവധി ആരാധകരും വിനോദസഞ്ചാരികളും പാലം കാണാൻ വെള്ളായണിയിൽ എത്തുന്നുണ്ട്. ഈ പ്രശസ്തി മുൻനിർത്തിയാണ് ടൂറിസം വകുപ്പിൻറെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിൻറെ അടിസ്ഥാനത്തിൽ വെള്ളായണി പാലം സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്.
പ്രശസ്ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിൻറെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലം. മണിരത്നത്തിൻറെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ ‘ഉയിരേ’ എന്ന ഗാനം ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്ഥലം. ഇതിൻറെ ഭാഗമായി മണിരത്നവുമായി നടത്തിയിരുന്നു. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച മണിരത്നം ബേക്കലിൽ സംഘടിപ്പിക്കുന്ന സിനിമാ ടൂറിസം പരിപാടിയിൽ പങ്കെടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങൾ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഇത്തരം സ്ഥലങ്ങൾ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചില സ്ഥലങ്ങൾ സിനിമയുടെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എല്ലാ ജില്ലകളിലും ഇത്തരം സ്ഥലങ്ങളുടെ സാധ്യത പദ്ധതിക്കായി തേടും.
സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം സിനിമാ ടൂറിസം പദ്ധതിയിലൂടെ കൂടുതൽ ഫലവത്താകും. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിൻറെ ശ്രമങ്ങൾക്ക് സിനിമാ ടൂറിസം കരുത്ത് പകരും.