സാഹസിക വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ അന്താരാഷ്ട്ര സാഹസികവിനോദ ചാമ്പ്യൻഷിപ്പുകൾ
സാഹസിക വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ എത്തിക്കാൻ നാല് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുമായി വിനോദസഞ്ചാര വകുപ്പ്. സാഹസിക വിനോദസഞ്ചാര മത്സരങ്ങൾക്കായി തയ്യാറാക്കിയ കലണ്ടറിന് അനുസൃതമായി പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടെയ്ൻ സൈക്ലിങ്, വൈറ്റ് വാട്ടർ കയാക്കിങ് എന്നീ ഇനങ്ങളിലാണ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലായ ‘ഇൻറർനാഷണൽ പാരാഗ്ലൈഡിങ് കോമ്പിറ്റീഷൻ 2024’ ഇടുക്കിയിലെ വാഗമണിൽ മാർച്ച് 14 മുതൽ 17 വരെ നടക്കും. കോമ്പിറ്റീഷനിൽ 100-ലധികം ദേശീയ-അന്തർദേശീയ പ്രശസ്തരായ ഗ്ലൈഡറുകളും പാരാഗ്ലൈഡിങ് അന്താരാഷ്ട്ര ചാമ്പ്യൻമാരും ലോകപ്രശസ്ത റൈഡർമാരും പങ്കെടുക്കും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാൻറ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ ഉണ്ടായിരിക്കും. പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.
വാട്ടർ സ്പോർട്സ് പ്രേമികൾക്ക് സർഫിങ് എന്ന കായികവിനോദം അടുത്തറിയാനും പരിശീലിക്കാനുമുള്ള അവസരവും നൽകുന്നതിനായി ഇൻറർനാഷണൽ സർഫിങ് ഫെസ്റ്റിവെൽ വർക്കലയിൽ മാർച്ച് 29 മുതൽ 31 വരെ നടക്കും. ആറിനങ്ങളിൽ നടത്തുന്ന ഫെസ്റ്റിവലിൽ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരനഗരങ്ങളിൽ നിന്നുള്ള സർഫിങ് അത്ലറ്റുകൾ മത്സരിക്കും. കേരളത്തിലെ പ്രധാന സർഫിങ് ഡെസ്റ്റിനേഷനായ വർക്കലയെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റാനും ഫെസ്റ്റിവെൽ ലക്ഷ്യമിടുന്നു.
ഏഴാമത് ഇന്റർനാഷണൽ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ് (എംടിബി കേരള -2024) ഏപ്രിൽ 26 മുതൽ 28 വരെ മാനന്തവാടിയിലെ പ്രിയദർശിനി ടീ പ്ലാന്റേഷനിൽ നടക്കും. 25 രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾ പങ്കെടുക്കും. ഇന്ത്യയിൽനിന്നുള്ള സൈക്ലിസ്റ്റുകളുടെ അമച്വർ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിലെ വിജയികളെ വിദേശ താരങ്ങളോടൊപ്പം മത്സരിപ്പിക്കും. മലബാർ റിവർ ഫെസ്റ്റിവെലിൻറെ പത്താം പതിപ്പ് ജൂലൈ 25 മുതൽ 28 വരെ നടക്കും. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണുള്ളത്. ഈ ചാമ്പ്യൻഷിപ്പുകൾ കേരളത്തെ ഒരു സാഹസിക വിനോദ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയും അതുവഴി വരുമാന വർധനവിന് സഹായിക്കുകയും ചെയ്യും.