press conference

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധ പരിപാടികൾ

 NO TO DRUGS എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.വ്യത്യസ്ത മേഖലകളിലെ യുവജനസമൂഹത്തെ കോര്‍ത്തിണക്കികൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. യുവജനക്ഷേമ ബോര്‍ഡിന്‍റെ സന്നദ്ധ സേനയായ ടീം കേരള, യുവതികളുടെ കൂട്ടായ്മയായ അവളിടം യുവതി ക്ലബ്ബുകള്‍, എസ് സി / എസ് ടി കേന്ദ്രങ്ങളില്‍ രൂപീകരിച്ചിട്ടുള്ള യുവാ ക്ലബ്ബുകള്‍, മറ്റു യുവജന ക്ലബ്ബുകള്‍, മാരിവില്ല് ട്രാന്‍സ്ജെന്‍ഡേഴ്സ് ക്ലബ്ബുകള്‍ തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിനുകള്‍

1. കൂട്ടയോട്ടം – ഒക്ടോബര്‍ 23

ഒക്ടോബര്‍ 23 ന് 14 ജില്ലാകേന്ദ്രങ്ങളിലും വിപുലമായ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരായ യുവജനങ്ങളും ഈ കൂട്ടയോട്ടത്തില്‍ അണിചേരും.

2. കലാജാഥ

മയക്കുമരുന്നിനെതിരായുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ നവംബര്‍ മാസത്തില്‍ കലാജാഥ സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോര്‍ഡിന്‍റെ കീഴിലുള്ള അവളിടം യുവതീക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കലാസംഘമാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഒരു നിയമസഭാ നിയോജകമണ്ഡലത്തില്‍ മൂന്ന് കേന്ദ്ര എന്നനിലയില്‍ 140 നിയോജകമണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. രണ്ട് കലാലയങ്ങള്‍, ഒരു പൊതുകേന്ദ്രത്തിലെ പരിപാടി എന്ന നിലയിലാണ് ജാഥ പര്യടനം നടത്തുക. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ക്കൊപ്പം മയക്കുമരുന്നിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള വിദഗദ്ധരുടെ വിശദീകരണവും ലഘുലേഖ വിതരണവും നടത്തും. പരിപാടിയുടെ സംസ്ഥാന-ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിക്കും. നിയോജക മണ്ഡലങ്ങളിലെ പൊതുപരിപാടി അതത് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെയും കലാ-കായിക-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെയും പ്രവര്‍ത്തകരുടെയും സംഗമമാക്കി മാറ്റും.

3. യുവ അഭിഭാഷകരുടെ കൂട്ടായ്മ

മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളുടെ ന്യൂനതകള്‍ ചര്‍ച്ചചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി എറണാകുളത്ത് നവംബര്‍ മാസം യുവ അഭിഭാഷകരുടെ കൂട്ടായ്മ സഘടിപ്പിക്കും. യുവ അഭിഭാഷകരെ ഉപയോഗപ്പെടുത്തി വ്യതസ്ത തലങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

4. ഐ.ടി പ്രൊഫഷണലുകളുടെ സംഗമം

ലഹരി വിമുക്ത ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവംബര്‍ 10 ന് ഇന്‍ഫോപാര്‍ക്കിലും നവംബര്‍ 17 ന് ടെക്നോപാര്‍ക്കിലും ഐ.ടി പ്രൊഫഷണലുകളുടെ കൂട്ടായ്മ സംഘടിപ്പിക്കും.

5. ട്രാന്‍സ്ജെന്‍ഡേഴ്സ്കൂട്ടായ്മ

ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ കൂട്ടായ്മ യുവജനക്ഷേമ ബോര്‍ഡിന്‍റെ കീഴില്‍ രൂപീകരിച്ച മാരിവില്ല് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

6. കലാകാരന്മാരുടെ കൂട്ടായ്മ

കേരളത്തിലെ യുവകലാകാരന്മാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ മാസത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കും.

7. അവാര്‍ഡുകള്‍

  ക്യാമ്പയിന്‍റെ പ്രചാരണത്തിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുനുവേണ്ടി വിവിധ മേഖലകളില്‍ അവാര്‍ഡുകള്‍ നല്‍കും. 
(എ ) ദൃശ്യമാധ്യമം
മയക്കുമരുന്നിനെതിരായി ശ്രദ്ധേയമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കും.
(ബി ) അച്ചടി മാധ്യമം
മയക്കുമരുന്നിനെതിരായി ശ്രദ്ധേയമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കും.
(സി) നവമാധ്യമം
ഒരു മിനിട്ടു ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോകള്‍ നിര്‍മ്മിച്ചുനല്‍കുന്ന 10 പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കും. കൂടാതെ, 30 സെക്കന്‍റില്‍ താഴെയുള്ള വാട്സ് ആപ്പ് സ്റ്റാറ്റസും റീല്‍സും നിര്‍മ്മിച്ചുനല്‍കുന്ന 10 പേര്‍ക്ക് വീതം 2000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കും.

8. ഫുട്ബോള്‍

(എ ) വേണ്ട മയക്കുമരുന്ന്; ലോകകപ്പിനെ വരവേല്‍ക്കാം
വേണ്ട മയക്കുമരുന്ന്; ലോകകപ്പിനെ വരവേല്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെമ്പാടും ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള ജില്ലാ മത്സരവും തുടര്‍ന്ന് സസ്ഥാനത്തല മത്സരവുമാണ് സംഘടിപ്പിക്കുക. സംസ്ഥാനതല മത്സരം മലപ്പുറത്തുവച്ച് നടക്കും. ഇതിനോടോപ്പം കേരളത്തിലെ മുന്‍കാല താരങ്ങള്‍ പങ്കെടുക്കുന്ന മത്സരവും യുവതികള്‍ക്കായുള്ള മത്സരവും സംഘടിപ്പിക്കും.
(ബി) ഗോള്‍ ചലഞ്ച്
NO TO DRUGS എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ചലഞ്ചിന്‍റെ ഭാഗമാകുന്ന ഓരോരുത്തരും ഗോള്‍പോസ്റ്റിലേയ്ക്ക് ഗോള്‍ അടിക്കുന്ന വീഡിയോ സ്വന്തം പേജില്‍ പോസ്ററ് ചെയ്യുന്നു.

അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തില്‍ വാദ്ധിച്ചുവരുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്രബോധത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് തുടക്കമിടുന്നു.

(എ ) മാട്രിമോണിയല്‍ പ്ലാറ്റഫോം
സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സഹായകരമായ വിധത്തില്‍ ഒരു മാട്രിമോണിയല്‍ പ്ലാറ്റഫോമിന് രൂപം നല്‍കുന്നു. മനുഷ്യ മൂല്യങ്ങളെ മുന്‍നിര്‍ത്തി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നതായിരിക്കും ഈ പ്ലാറ്റഫോമിന്‍റെ പ്രത്യേകത.

(ബി) ശാസ്ത്ര ക്വിസ്
കുട്ടികളിലും യുവജനങ്ങളിലും ശാസ്ത്ര-ചരിത്രാവബോധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹൈസ്ക്കൂള്‍ തലത്തില്‍ പ്രാഥമിക മത്സരവും തുടര്‍ന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും , ജില്ലാ-സംസ്ഥാന തങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒരു ടീമില്‍ 2 പേരാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 1, 2 സ്ഥാനം ലഭിച്ച ടീമിന് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സമ്മാനമായി 1,000 രൂപയുമാണ് നല്‍കുന്നത്. ജില്ലാതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. സംസ്ഥാനതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിച്ച ടീമിന് 1 ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. സംസ്ഥാനതല മത്സരത്തില്‍ ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു.

ടീം കേരള

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സന്നദ്ധ സേവന സേനയായ ടീം കേരള എല്ലാ പഞ്ചായത്തിലും രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 17500 യുവജനങ്ങള്‍ ഇതിനകംതന്നെ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 4000 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പോലീസ്, ഫയര്‍ & റെസ്ക്യൂ, ഫോറസ്റ്റ്, എക്സൈസ്, ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ഫസ്റ്റ് എയ്ഡ്, കായിക പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യക്തിത്വ വികസനം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തീകരിച്ച 4000 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഡിസംബര്‍ മാസം സംഘടിപ്പിക്കും.

സാഹിത്യ ക്യാമ്പ്

സാഹിത്യ രംഗത്തെ യുവ പ്രതിഭകള്‍ക്ക് പ്രത്സാഹനം നല്‍കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1, 2, 3 തീയതികളില്‍ എറണാകുളം ജില്ലയിലെ തട്ടേക്കാട്ടുവച്ചാണ് സാഹിത്യ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ എം .എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 3 ന് സമാപന സമ്മേളനം പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പുമന്ത്രി ശ്രീ.പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സാഹിത്യ ക്യാമ്പില്‍ പങ്കെടുത്ത പ്രതിനിധികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നു.

അവളിടം ക്ലബ്ബ് (യുവതീ ക്ലബ്ബ് ) – സംസ്ഥാനതല ഉദ്ഘാടനം

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ അവളിടം എന്ന പേരില്‍ 1040 യുവതീക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കുന്നു.