വെള്ളായണിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതി നൽകി. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വോട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.

പാലം പണി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക. ടൂറിസം മേഖലക്ക് ഉൾപ്പെടെ ഈ പദ്ധതി ഗുണകരമാകും. കിരീടം പാലത്തിന് സമീപം സിനിമ ടൂറിസം പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പാലവും ടൂറിസം പദ്ധതികളും പൂർത്തിയാകുന്നതോടെ വെള്ളായണിയുടെ മുഖച്ഛായ മാറും.