സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതികളും പരിസ്ഥിതി സംരക്ഷണ പരിപാടികളും സംഘടിപ്പിച്ച് ലോക പരിസ്ഥിതിദിനാഘോഷം ഗംഭീരമാക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ ‘ഇനി യാത്രയിൽ പ്ലാസ്റ്റിക് വേണ്ട’ എന്നതായിരുന്നു പ്രചാരണത്തിൻറെ പ്രധാന പ്രമേയം.
വിവിധ സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര കമ്പനികൾ ഇനി മുതൽ തങ്ങളുടെ യാത്രകളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ – വിശേഷിച്ച് പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിക്കില്ല എന്ന പ്രഖ്യാപനം നടത്തി.
കോഴിക്കോട് ആർടി മിഷൻ സൊസൈറ്റിയുടെ സ്ത്രീസൗഹൃദ യൂണിറ്റ് ആയ ഡ്രീം ഏക്കേഴ്സ് ഫാം വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. ഡ്രീം ഏക്കേഴ്സ് ഹോംസ്റ്റേയിലും മൺ വീട്ടിലും വരുന്ന അഥിതികൾക്ക് പ്ലാസ്റ്റിക്ക് ബോട്ടിലുകളും, പ്ലാസ്റ്റിക്ക് കവർ എന്നിവ നൽകില്ലെന്നും പരമാവധി പ്രകൃതിദത്തമായ ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീരുമാനമെടുത്തു.
വയനാട് ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രശലഭം ടൂർ കമ്പനി, കോട്ടയം ജില്ലയിലെ ഗ്രാസ് റൂട്ട് ജേർണീസ്, കോഴിക്കോട് ജില്ലയിലെ ഗ്രീൻ ഏക്കേഴ്സ് ഫാം സ്റ്റേ എന്നിവരും ഇതേ പ്രഖ്യാപനം നടത്തി. ‘ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്’ ഇനി മുതൽ തങ്ങളുടെ ടൂറിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ നൽകില്ലെന്നും റീഫില്ലിങ് ബോട്ടിലുകൾ മാത്രം ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇടുക്കി കാന്തല്ലൂരിലെ എർത്തേൺ പൂൾ വില്ല, കോഴിക്കോട് ജില്ലയിലെ ട്രിപ്പയോ ടൂർ കമ്പനി തുടങ്ങിയവർ പ്ലാസ്റ്റിക് വിമുക്ത പ്രഖ്യാപനം നടത്തി. ‘എസ്കേപ്പ് നൗ’ എന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര കമ്പനിയും ഇനി മുതൽ യാത്രയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു.
സാനിട്ടറി പാഡുകൾക്ക് പകരം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന പ്രചാരണ പരിപാടികൾ തൃശൂർ ജില്ലയിലെ അതിരപ്പള്ളി കേന്ദ്രീകരിച്ച് നടന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ യാത്രികർക്ക് തണലൊരുക്കുക എന്നതായിരുന്നു പ്രധാന പ്രചാരണം.
കോട്ടയം ജില്ലയിൽ കവണാറ്റിൻ കരയിൽ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. കാസർകോഡ്, തിരുവനന്തപുരം, ഇടുക്കി, എന്നിവിടങ്ങളിലെല്ലാം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.