Ananthapuri is ready for the spring festival

പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയുമായി വസന്തോത്സവത്തിന് ഒരുങ്ങി അനന്തപുരി കനകക്കുന്നിൽ ഡിസംബർ 25 മുതൽ ജനുവരി 3 വരെ
പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയുമായി പുതുവർഷത്തെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങുന്നു. പുതുവർഷത്തെ വരവേൽക്കാനായി ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2024’ പുഷ്പമേളയ്ക്കും ദീപാലങ്കാരത്തിനും ക്രിസ്മസ് ദിനത്തിൽ തുടക്കമാകും. ജനുവരി 3 വരെയാണ് മേള.

വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങൾ ഒരുക്കുന്നത്. വ്യത്യസ്തവും അപൂർവ്വവുമായ പൂക്കളുടെ ശേഖരം ആകർഷകമായി പ്രദർശിപ്പിച്ചു കൊണ്ടാണ് വസന്തോത്സവം സന്ദർശകരെ വരവേൽക്കുക.

കനകക്കുന്നിലെ ഉത്സവച്ഛായക്ക് കൂടുതൽ ഉണർവേകുന്ന വിധത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പ്രവേശന കവാടത്തിൽ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റലേഷനും ഉണ്ടായിരിക്കും. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിൻറെ ഭാഗമാകും.

പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവർക്ക് ദീപാലങ്കാരവും ഇൻസ്റ്റലേഷനുകളും ഉത്സവചാരുത പകരുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൻകിട നഗരങ്ങളിൽ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂർണവും വർണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. ലോകത്തിലെ ട്രെൻഡിംഗ് ആയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. നഗരത്തിൽ ആളുകൾ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ വസന്തോത്സവവും ദീപാലങ്കാരവും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുഷ്പമേളയ്ക്കു പുറമേ വ്യാപാര മേള, ഔഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെൻറ് പാർക്ക്, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും വസന്തോത്സവത്തിൻറെ ഭാഗമാണ്.

സ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) ഓഫീസിലോ കനകക്കുന്നിലെ ഫെസ്റ്റിവെൽ ഓഫീസിലോ രജിസ്റ്റർ ചെയ്യാം. കനകക്കുന്നിലെ ഫെസ്റ്റിവെൽ ഓഫീസ് 19 മുതൽ പ്രവർത്തനം ആരംഭിക്കും.

വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകൾ, നഴ്സറികൾ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (81295 77496, 94000 55397, info@dtpcthiruvananthapuram.com).

വസന്തോത്സവത്തിൻറെ നടത്തിപ്പിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെയർമാനും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവർ മുഖ്യ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.