'Vasanthotsavam-2024': To be held from December 24 to January 3 at Kanakakunnu

‘വസന്തോത്സവം -2024’: ഡിസംബർ 24 മുതൽ ജനുവരി 3 വരെ കനകക്കുന്നിൽ നടക്കും

പുതുവർഷത്തെ വരവേൽക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബർ 24 മുതൽ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കും. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

‘വസന്തോത്സവം -2024’ ൻറെ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവർ മുഖ്യ രക്ഷാധികാരികളായും മന്ത്രി പി. എ മുഹമ്മദ് റിയാസ് ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. എംപിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, എ എ റഹീം എന്നിവരും ജില്ലയിലെ എംഎൽഎമാരും മേളയുടെ രക്ഷാധികാരികളായിരിക്കും.

മേയർ ആര്യാ രാജേന്ദ്രൻ വർക്കിംഗ് ചെയർമാനും ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ ജനറൽ കൺവീനറുമാണ് ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരാണ് സമിതിയുടെ കൺവീനർമാർ.

വൻകിട നഗരങ്ങളിൽ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂർണവും വർണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. അണിഞ്ഞൊരുങ്ങിയ കനകക്കുന്നിൻറെ വീഥിയിലൂടെ വർണവിളക്കുകളുടെ മനോഹാരിതയിൽ പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസും പുതുവർഷവും ആസ്വദിക്കുന്നതിന് മേള വേദിയാകും.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന ഓണം വാരാഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ ‘വസന്തോത്സവം-2024’ തലസ്ഥാനത്ത് വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് തലസ്ഥാനവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉത്സവാന്തരീക്ഷം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ട്രെൻഡിംഗ് ആയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. അനേകം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളാണ് ഈ വർഷം തലസ്ഥാനത്തെ തേടിയെത്തിയത്. ടൂറിസം വകുപ്പ് നഗരസഭയുമായി ചേർന്ന് നിരവധി പദ്ധതികളാണ് സൗന്ദര്യവത്കരണത്തിനായി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

മാനവീയം വീഥി, കനകക്കുന്ന്, ഇഎംഎസ് പാലം, ബേക്കറി ഫ്ളൈ ഓവർ എന്നിവ ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള 22 കെട്ടിടങ്ങളുടെ ദീപാലങ്കാരമടക്കം കോടികളുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്. തലസ്ഥാനത്തെ ഉത്സവച്ചാർത്ത് അണിയിക്കുന്ന 2022-ൽ മുതൽ ആരംഭിച്ച പുതുവർഷ ദീപാലങ്കാരം കാണുന്നതിനുള്ള അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകൾ, നഴ്സറികൾ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. (9400055397, info@dtpcthiruvananthapuram.com). കൂടാതെ അമ്യൂസ്മെൻറ് ട്രേഡ് ഫെയർ, ഭക്ഷ്യമേള, സ്റ്റീംഡ് ഫുഡ് ഔട്ട്ലെറ്റ് എന്നിവയ്ക്കും ഡിടിപിസി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.