varunnu valiya paalam

വരുന്നു വലിയ പാലം

ഒരുപാട് കാലത്തെ പഴക്കമുണ്ട് കോഴിക്കോട് നഗരത്തിലെ പുതിയപാലത്തിന്. ബൈക്ക് യാത്ര പോലും ദുഷ്കരമാണ് ഇതിലൂടെ. വീതിയുള്ള വലിയ പാലം വേണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. കോഴിക്കോട് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഡിവൈഎഫ്ഐ പറയഞ്ചേരി, കോഴിക്കോട് ടൗൺ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീതിയുള്ള വലിയ പാലം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു.

പിന്നീട് 2006 ൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ തുടക്കത്തിൽ തന്നെ പാലം മാറ്റി സ്ഥാപിക്കാൻ നീക്കം നടത്തി. പല കാരണത്താൽ ഇത് ലക്ഷ്യത്തിലെത്തുവാൻ സാധ്യമാകാതെ പോയി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഈ പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി. തുടർന്ന് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.
പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റെടുത്ത ശേഷം നാട്ടുകാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ സംഘടനകളും പാലത്തിൻ്റെ പ്രശ്നം പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സൗത്ത് നിയോജക മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഈ പാലം യാഥാർത്ഥ്യമാകേണ്ടത് ചൂണ്ടിക്കാട്ടി.
വലിയ പാലം യാഥാർഥ്യമാക്കാൻ തുടർച്ചയായ ഇടപെടൽ നടത്തി. കോഴിക്കോട് ജില്ലയിലെ DICC യോഗത്തിൽ പുതിയപാലത്തിൻ്റെ സ്ഥലം ഏറ്റെടുക്കൽ ചർച്ചയായി. 95 ശതമാനം സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് നഗരത്തിൻ്റെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് അടിയന്തിര പരിഹാരം കാണാൻ യോഗത്തിൽ നിശ്ചയിച്ചു. വിട്ടുകിട്ടിയ 95 ശതമാനം സ്ഥലം ഉപയോഗിച്ച് പാലം പ്രവൃത്തി ആരംഭിക്കാൻ കിഫ്ബിയുടെ അനുമതി തേടി. തുടർന്ന് ലഭ്യമായ സ്ഥലം ഉൾപ്പെടുത്തി ടെണ്ടർ നടപടികൾ ആരംഭിക്കാൻ ധാരണയായി. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഇനി ലഭിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ പുതിയപാലത്ത്, വലിയ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കാൻ പോവുകയാണ്. സാങ്കേതികാനുമതി ലഭിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച്‌ ജൂണിൽ നിർമാണം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ പാലം നിർമിക്കുന്നതിന്റെ സമീപത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം നൽകൽ അവസാന ഘട്ടത്തിലാണ്.

കോഴിക്കോട് ജില്ലയിലെ മുഖ്യ പ്രവൃത്തി എന്ന നിലയിൽ ഇതിനു മാത്രമായി പ്രത്യേക റിവ്യൂ മീറ്റിംഗ് നടത്താറുണ്ട്. പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ റിവ്യൂ യോഗം തുടരും. ഒരു നാടിൻ്റെ സ്വപ്നം യാഥാർഥ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കുവഹിക്കും.ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 40.97 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. കനോലി കനാലിനു കുറുകെ 195 മീറ്റർ നീളത്തിലാണ്‌ പാലം പണിയുക. കോരപ്പുഴ പാലത്തിന്റെ മാതൃകയിലുള്ള ബോസ്‌ട്രിങ്‌ ഗാർഡർ ഈ പാലത്തിനുമുണ്ടാകും. ഏഴര മീറ്ററാണ്‌ വാഹനത്തിന്‌ പോകാനുള്ള സൗകര്യം. ഇരു ഭാഗത്തും നടപ്പാതയും ഓവുചാലും തെരുവു വിളക്കും ഉണ്ടാകും. മിനി ബൈപാസ്സ്‌ ജംഗ്ഷൻ മുതൽ പുതിയപാലം വരെയുള്ള റോഡ് നവീകരണവും ഇതിൽ ഉൾപെട്ടിട്ടുണ്ട് .

നാടിൻ്റെ ദീർഘകാലമായ അവശ്യം എന്ന നിലയിലും ഡിവൈഎഫ്ഐ സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇടപെട്ട ഒരു പ്രശ്നം എന്ന നിലയിലും വലിയ പാലം യാഥാർഥ്യമാക്കാൻ ഭരണപരമായ തീരുമാനം കൈക്കൊള്ളുന്നതിൽ പങ്കാളിയാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.