Bekal Tourism Village Project: Kerala Tourism has signed an agreement with Morex Group

ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി: കേരള ടൂറിസം മോറെക്സ് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു

ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് കേരള ടൂറിസത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതിയുടെ കരാർ ലൈസൻസ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.

കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപ സംഗമത്തിൻറെ (ടിഐഎം) ഭാഗമായി ലഭിച്ച നിക്ഷേപ നിർദേശങ്ങളിൽ ആദ്യം നടപ്പിലാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയ്ക്കുണ്ട്.

ടൂറിസം വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (ബിആർഡിസി) ആണ് കാസർകോട് ജില്ലയിലെ ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ നിർവഹണ ഏജൻസി.

15,000 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ ഉയർന്നുവന്ന ടിഐഎമ്മിൽ സർക്കാർ പദ്ധതി വിഭാഗത്തിലാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചത്.

നിരവധി നിക്ഷേപകർ ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചതിനാൽ അവരിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. അപേക്ഷകരുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച ശേഷമാണ് മോറെക്സ് ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്.

ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ടൂറിസം ആക്ടിവിറ്റി സോണുകൾ ഉൾപ്പെടുന്ന ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിക്കായി മോറെക്സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കും. ബേക്കലിൻറെയും മലബാർ മേഖലയുടെയും മൊത്തത്തിലുള്ള ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ പദ്ധതി സഹായകമാകും. മൈസ് (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ), ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെൻറർ എന്നീ നിലകളിൽ ബേക്കൽ ശ്രദ്ധിക്കപ്പെടും.

ടിഐഎമ്മിൻറെ തുടർച്ചയായി സജ്ജീകരിച്ച ഫെസിലിറ്റേഷൻ സെൻറർ വഴിയുള്ള നിക്ഷേപ നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തി വരികയാണ്. വരും മാസങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രാവർത്തികമാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിനോദസഞ്ചാര മേഖലയുടെ വികസനത്തിനുള്ള നവീന പദ്ധതികളിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആവശ്യമാണ്. ബേക്കൽ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയെ ശക്തിപ്പെടുത്തും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും.

കരാർ പ്രകാരം കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിലെ 33.18 ഏക്കർ ഭൂമി മോറെക്സ് ഗ്രൂപ്പിന് കൈമാറും. 30 വർഷമാണ് ലൈസൻസ് കാലാവധി.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലൂടെ അവിടുത്തെ ടൂറിസം സാധ്യതകൾ വർദ്ധിക്കും.

ഇക്കോ ടൂറിസം, എക്സ്പീരിയൻഷ്യൽ ടൂറിസം, അഡ്വഞ്ചർ ടൂറിസം, അഗ്രോ ടൂറിസം, വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം എന്നീ ആശയങ്ങൾ ഒരുമിച്ച് ഒരേയിടത്ത് നടപ്പിലാക്കുകയാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2022ലെ ബജറ്റിൽ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.