ബജറ്റിൽ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണന; പദ്ധതികൾക്ക് വളർച്ചയും വേഗവും നൽകും

സംസ്ഥാനത്തിൻറെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് ടൂറിസം. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചു. 351.42 കോടി രൂപയാണ് വിവിധ ടൂറിസം പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി വകയിരുത്തിയിട്ടുള്ളത്. ഇത് പദ്ധതികൾക്ക് വളർച്ചയും വേഗവും നൽകും.

മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുമുള്ള ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കാനാണ് സഞ്ചാരികൾ താത്പര്യപ്പെടുന്നത്. ഇത് യാത്രികർക്കിടയിൽ കേരളത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾക്കുള്ള പ്രോത്സാഹനം ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2024-25 ലെ ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യവും നിലവാരവും മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുകയും പ്രാദേശിക ജനവിഭാഗങ്ങൾക്ക് തൊഴിൽസാധ്യതയും വരുമാനവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കായി 136 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ദേശീയ, അന്തർദേശീയ വിപണിയുടെ ശ്രദ്ധാകേന്ദ്രമായി തീരുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം വിപണന പദ്ധതികൾക്കായി 78.17 കോടി നീക്കിവച്ചിട്ടുണ്ട്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനു(കെഎഫ്സി)മായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതി ടൂറിസം മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തെ സഹായിക്കുന്നതാണ്. 5000 കോടിയുടെ നിക്ഷേപ വളർച്ചയെ ഇത് ത്വരിതപ്പെടുത്തും. ഇതുവഴി മൂന്ന് വർഷത്തിനുള്ളിൽ 10,000 ഹോട്ടൽ മുറികളുടെയും ലോകോത്തര കൺവെൻഷൻ സെൻററുകളുടെയും നിർമ്മാണവും സാധ്യമാകും.

സംസ്ഥാനത്തിൻറെ പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപാലനവും പ്രോത്സാഹനവും ഉറപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾക്കായി 24 കോടി, വിനോദസഞ്ചാര മേഖലയിൽ നൈപുണ്യവും ഗുണമേൻമയുമുള്ള മാനവ വിഭവ ശേഷി സൃഷ്ടിക്കുന്ന പദ്ധതിക്കായി 17.15 കോടി, ഉത്തരവാദിത്ത ടൂറിസം മേഖലയ്ക്കായി 15 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതികൾ സംസ്ഥാന ടൂറിസം മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ, സുസ്ഥിര ടൂറിസം കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.

മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട്, റിവർ ക്രൂയിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട് പദ്ധതികൾ നടപ്പാക്കുന്നതിനായി 14 കോടിയും, ചാമ്പ്യൻസ് ബോട്ട് ലീഗിനായി 9.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സബ്സിഡികൾ, ഇൻസെൻറീവുകൾ എന്നിവ നൽകി വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അടിസ്ഥാനസൗകര്യ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്ന പദ്ധതിക്കായി 15 കോടിയാണ് അനുവദിച്ചിട്ടുള്ളത്.

കെടിഡിസിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 12 കോടി, ഇക്കോ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ 1.90 കോടി, തെൻമല ഇക്കോ ടൂറിസത്തിനായി 2 കോടി എന്നിവയും ബജറ്റിൽ പരിഗണന ലഭിച്ചവയാണ്.

കൊച്ചി, ആലപ്പുഴ, ബേപ്പൂർ, കൊല്ലം എന്നീ ഡെസ്റ്റിനേഷനുകളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ, വിശ്രമകേന്ദ്രം, റെസ്റ്റോറൻറുകൾ, മിനി മറീന, യാട്ട് ഹബ്ബ് എന്നിവ വികസിപ്പിക്കും. പാതയോരങ്ങളിൽ സഞ്ചാരികൾക്കായി റീഫ്രഷ്മെൻറ് സൗകര്യങ്ങളോടു കൂടിയ ട്രാവൽ ലോഞ്ച് നിർമ്മിക്കും. സംസ്ഥാനത്ത് നിലവിലുള്ള 24 അതിഥി മന്ദിരങ്ങൾ, 4 യാത്രിനിവാസുകൾ, 2 കേരള ഹൗസുകൾ എന്നിവയ്ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്.