പുതുവർഷം ആഘോഷമാക്കാൻ ‘വസന്തോത്സവ’ത്തിന് കനകക്കുന്നിൽ തുടക്കം
ജനങ്ങൾക്ക് ഒത്തുചേരാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷങ്ങൾ അവസരമൊരുക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വർണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി’ എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.
ജനങ്ങൾക്ക് ഒത്തുചേർന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷ പരിപാടികൾ അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവർക്ക് കനകക്കുന്നിലെ ദീപാലങ്കാരവും ഇൻസ്റ്റലേഷനുകളും ഉത്സവ ചാരുത പകരും. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്, കൊച്ചി നഗരങ്ങളിലും ടൂറിസം വകുപ്പ് പുതുവർഷ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ടൂറിസം സീസൺ ആയതിനാൽ നഗരത്തിൽ ആളുകൾ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഇത് വഴിയൊരുക്കും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം റെക്കോർഡ് സൃഷ്ടിച്ച വർഷമാണ് 2024 എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പൂക്കൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ജനുവരി 3 വരെ നടക്കുന്ന വസന്തോത്സവത്തിൻറെ പ്രധാന ആകർഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂർവ്വമായ പുഷ്പങ്ങൾ അടക്കം നയനമനോഹരമായ രീതിയിൽ ക്രമീകരിച്ച് വസന്തോത്സവത്തെ ആകർഷകമാക്കും.
കഴിഞ്ഞ വർഷത്തേക്കാൾ പതിൻമടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കനകക്കുന്നിലെ പ്രവേശന കവാടത്തിൽ 2025 നെ വരവേറ്റുകൊണ്ടുള്ള ആകർഷകമായ ദീപാലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിൻറെ ഭാഗമാകും. പടുകൂറ്റൻ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓർമിപ്പിക്കും വിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബിയർ, ദിനോസർ, വിവിധ ലൈറ്റുകൾ കൊണ്ടുള്ള രൂപങ്ങൾ എന്നിവയുമുണ്ട്.
മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോൺസായിയുടെ അപൂർവ ശേഖരം, കട്ട് ഫ്ളവർ ഡിസ്പ്ലേ, വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകൾ എന്നിവ വസന്തോത്സവത്തിലുണ്ട്. ഫ്ളോറിസ്റ്റുകൾക്കായി മത്സരങ്ങളും നടക്കും. ഔഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെൻറ് പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് വസന്തോത്സവത്തിൻറെ മറ്റ് ആകർഷണങ്ങൾ. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.