റസ്റ്റ് ഹൗസ് നവീകരണം അടുത്ത ഘട്ടത്തിലേക്ക്
ഫോർട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി
സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാൻ വകുപ്പ് 1.45 കോടി രൂപ അനുവദിച്ചു.
ഫോർട്ട് കൊച്ചി ബീച്ചിന് സമീപത്താണ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും നവീകരിക്കാനാണ് തീരുമാനം. 1962 ലും 2006 ലും നിർമ്മിച്ച കെട്ടിടങ്ങൾ ആകർഷകമാക്കും. തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകൾ നവീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
2021 ജൂൺ മാസത്തിൽ ഫോർട്ട് കൊച്ചി സന്ദർശനവേളയിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിലും എത്തിയിരുന്നു. ശl റസ്റ്റ് ഹൗസ് നവീകരിക്കുമെന്ന് അന്ന് തന്നെ മന്ത്രി ഉറപ്പുനൽകിയതാണ്. ഫോർട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് , വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളിൽ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടൻ തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്.
2021 നവംബർ 1 നാണ് കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ റസ്ററ് ഹൗസ് മുറികൾ ജനങ്ങൾക്ക് കൂടി എളുപ്പത്തിൽ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഒന്നരവർഷം പൂർത്തിയാകുമ്പോൾ തന്നെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകൾ മാറി. ഇതിലൂടെ സർക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു. ഇതോടനുബന്ധിച്ച് റസ്റ്റ്ഹൗസുകൾ ഘട്ടം ഘട്ടമായി നവീകരിക്കും. അതിൻറെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.
നവീകരണം ടൂറിസത്തിന്റെ വളർച്ചക്ക് ഗുണകരമാണ്. കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയും ലക്ഷ്യമിടുന്നു. നവീകരണത്തിലൂടെ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാകും. കൂടുതൽ ജനങ്ങളെ റസ്റ്റ് ഹൗസുകളിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ഘട്ടം ഘട്ടമായി റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം.