മലയോരം വഴി സുഗമയാത്രയ്ക്ക് മലയോരഹൈവേ

* 1251 കിലോമീറ്റർ ദൂരം, 3500 കോടി രൂപ ചെലവ്

ദേശീയപാതയുടെ തിരക്കുകൾ ഇല്ലാതെ ശാന്തമായി പച്ചപ്പാർന്ന വഴികളിലൂടെയുള്ള സുഗമയാത്ര സാധ്യമാക്കുകയാണ് സംസ്ഥാന മലയോര ഹൈവേ പദ്ധതി. മലയോരനിവാസികളുടെ ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനക്കും വലിയ മാറ്റം ഉണ്ടാകും. കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്കും കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിത്. മലയോരമില്ലാത്ത ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളെയും കൂട്ടിചേർത്താണ് മലയോര ഹൈവ പദ്ധതി നടപ്പാക്കുന്നത്. കാസറഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ നീണ്ട് കിടക്കുന്ന പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നന്ദാരപ്പടവ്-ചേവാർ, ചെറുപുഴ-വളളിത്തോട്, പുനലൂർ കെഎസ്ആർടിസി-ചല്ലിമുക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിൽ 93.69 കിലോമീറ്റർ മലയോര ഹൈവേ യാഥാർത്ഥ്യമായിക്കഴിഞ്ഞു. 1251 കിലോമീറ്റർ ദൂരത്തിൽ മറ്റ് റോഡ് വികസന പദ്ധതികളിൽ ഉൾപ്പെടാത്ത 903.83 കിലോമീറ്റർ പാതയിലാണ് പദ്ധതി നടപ്പാക്കുന്നത്. 755.1 കിലോമീറ്റർ പാതക്ക് ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറായി, അതിൽ 652.64 കിലോമീറ്റർ പ്രവൃത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംരക്ഷണഭിത്തികൾ, കാൽനടയാത്രക്ക് ഇന്റർലോക്ക് ടൈൽ പാതകൾ, കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ, യൂട്ടിലിറ്റി ക്രോസ് ഡെക്്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് മലയോരഹൈവ പദ്ധതി. വാഹന യാത്രക്കാർക്ക് വേ സൈഡ് അമിനിറ്റി സെന്റർ, പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ബസ് ഷെൽട്ടർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

കൃത്യമായി ഗുണമേന്മയും അനുപാതവും ഉറപ്പുവരുത്തുന്ന മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രത്യേക സമിതികൾ നിലവിലുണ്ട്. റോഡ് നിർമ്മാണ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഹൈവേയുടെ പണികൾ പുരോഗമിക്കുന്നത്. 2022ഓടെ മലയോര ഹൈവേ നിർമ്മാണം പൂർത്തിയാകുമെന്ന ഉറപ്പുള്ള പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. നാടിന്റെ വികസനത്തിന് മികച്ച ഗതാഗത സംവിധാനം ജനങ്ങൾക്ക് ഉറപ്പുവരുത്തുകയെന്ന ബൃഹത്തായ കാഴ്പ്പാടാണ് മലയോര ഹൈവേ പദ്ധതി യാഥാർത്ഥ്യമാകുന്നതിലേക്ക് നയിക്കുന്നത്.