ദേശീയപാതയിലെ കുഴികളും വെള്ളക്കെട്ടും സംബന്ധിച്ച് ആലപ്പുഴ ജില്ലയിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. നിരവധി പരാതികൾ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒക്കെ ഉന്നയിച്ചിരുന്നു. ഇതുവഴി യാത്ര ചെയ്യുമ്പോൾ റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുറെ പരാതികൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ആലപ്പുഴ ജില്ലയിലെ ദേശീയപാത അറ്റകുറ്റപ്പണി അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അധികൃതരുമായി തിരുവനന്തപുരത്ത് ഒരു യോഗം നടത്തി. പ്രധാനമായും ആലപ്പുഴ ജില്ലയിലെ പ്രശ്നങ്ങൾ ആണ് ചർച്ച ചെയ്തത്. റോഡിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.

അരൂര്‍ ക്ഷേത്രം ജംഗ്ഷന്‍ ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട് ഒരു പ്രധാന പ്രശ്നമായിരുന്നു. യാത്രക്കാർക്ക് വലിയ പ്രയാസമാണ് ഇത് ഉണ്ടാക്കിയത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് നിർദ്ദേശിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുകയാണ്. പരാതി ശ്രദ്ധയിൽപ്പെടുത്തി അധികം വൈകാതെ തന്നെ അതിന് പരിഹാരവും കണ്ടു.

ബസ്സ് സ്റ്റോപ്പിന്റെ അടുത്തുള്ള കാണയിലെ മണ്ണും ചെളിയും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. മാലിന്യങ്ങൾ മുഴുവൻ എടുത്തു നീക്കി. അരൂർ ഫയർഫോഴ്സും കൂടെ ചേർന്ന് ബസ്സ് സ്റ്റോപ്പ് മുഴുവൻ വൃത്തിയാക്കി. ഇനി ചെളിയും മാലിന്യവും കലർന്ന വെള്ളത്തെ പേടിക്കാതെ ഈ ബസ് സ്റ്റോപ്പിൽ ജനങ്ങൾക്ക് കയറി നിൽക്കാം..